Friday 22 December 2017

അവധി ദിവസം

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉറക്കം ഉണർന്നത്. സാധാരണ അവധി ദിവസങ്ങളിൽ ഫോൺ സൈലന്റ് ആക്കിയിട്ടാണ് കിടക്കാറ്.. അത് മറന്നതിൽ സ്വയം ശപിച്ചുകൊണ്ടാണ് കാൾ അറ്റൻഡ് ചെയ്തത്... നിഷയാണ്. ഭയങ്കര ധൃതിയിൽ ആണ് സംസാരം.
"ഡി, നിന്റെ ബ്ലഡ് ഗ്രൂപ്പ് ഒ-ve അല്ലെ?",
അതെയെന്ന് മറുപടി പറയുന്നതിന് മുന്നേ അവൾ വീണ്ടും സംസാരിച്ചു തുടങ്ങി,
"നീ എത്രയും പെട്ടെന്ന് കയ്യിൽ അത്യാവശ്യത്തിന് പൈസേം എടുത്തു സിറ്റി ഹോസ്പിറ്റലിൽ വാ".
കാര്യം എന്താണെന്ന് തിരക്കുന്നതിനു മുന്നേ കാൾ കട്ടായി....   
കാര്യം അത്യാവശ്യം ഉള്ളതാണെന്ന് വിളി കേട്ടാൽ അറിയാം. പക്ഷെ ആർക്കാണ് അത്യാവശ്യം എന്നൊക്കെ ഒന്ന് പറഞ്ഞു കൂടെയോ. വെറുതെ മനുഷ്യനെ രാവിലെ തീ തീറ്റിക്കാൻ. മനസിൽ അവളെ കുറെ ചീത്തയും വിളിച്ചു റെഡി ആയി ഓടിപിടിച്ചു സിറ്റി ഹോസ്പിറ്റലിൽ എത്തി...   

കാഷ്യുവാലിറ്റിയുടെ മുന്നിലെ മെഡിക്കൽ സ്റ്റോറിൽ നിഷ നില്പുണ്ടായിരുന്നു. ചുരിധാറിലാകെ രക്തക്കറ മുഖത്ത് നല്ല ടെൻഷനും..     
എന്നെ കണ്ടതും മരുന്നിന്റെ പൈസ കൗണ്ടറിൽ വെച്ച് എന്റെ കൈയിൽ പിടിച്ചു കൊണ്ട് ഒട്ടമായിരുന്നു. എന്താ കാര്യം എന്നൊക്കെ ചോദിക്കുന്നതല്ലാതെ ഒന്നിനും മറുപടിയില്ല... ഡോക്ടറുടെ റൂമിലേക്ക് എന്നെയും വലിച്ചുകൊണ്ട് കേറി.
"ഡോക്ടർ, o-ve ബ്ലഡ് ഗ്രൂപ്പ് ഉള്ള ആളെത്തിയിട്ടുണ്ട്. ദേ ഇവളാണ്, എന്റെ കൂട്ടുകാരിയാണ് മൃദുല",
അവൾ അണച്ചുകൊണ്ടു പറഞ്ഞു...   
അസുഖം വല്ലതുമുണ്ടോ, മരുന്ന് കഴിക്കുന്നുണ്ടോ.....വേറെ മദ്യപാനം,പുകവലി വല്ലതും ശീലമുണ്ടോ എന്നൊക്കെ..  പക്ഷെ ആ ചോദ്യം മാത്രം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല  എങ്കിലും ഇല്ല എന്ന രീതിയിൽ തല കുലുക്കി....   
ആ ഡോക്ടറോടും കൂടുതൽ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് തന്നെ നഴ്‌സിനെ വിളിപ്പിച്ചു എന്റെ ബ്ലഡ് പരിശോധിക്കാൻ ഏല്പിച്ചു പുള്ളി വേറെന്തോ അത്യാവശ്യ കാര്യത്തിലേക്ക് നീങ്ങി.  ആദ്യമായി ബ്ലഡ്‌ ഡോണറ്റ് ചെയ്യുന്നതിന്റെ ടെൻഷനും  കുറച്ചൊന്നുമല്ല....

പരിശോധന എല്ലാം കഴിഞ്ഞു നേഴ്സ് ബ്ലഡ് എടുത്തുകഴിഞ്ഞു എന്നോട് പറഞ്ഞു....
"ചെറിയൊരു തലകറക്കം കാണും കേട്ടോ.. 5മിനിറ്റ് കിടന്നിട്ടു  പോയാ മതി " എന്നും പറഞ്ഞു ഒരു ഫ്രൂട്ടി കയ്യിൽ വെച്ചു തന്നു... പക്ഷെ മനസ്സിൽ ഉത്തരമറിയാത്ത  കുറേ ചോദ്യങ്ങൾ ഉള്ളതിനാൽ പെട്ടന്നു തന്നെ  റൂമിനു വെളിയിൽ ഇറങ്ങി...നിഷയെ തിരക്കി... അവൾ അപ്പുറതുണ്ടായിരുന്നു... അവളുടെ കയ്യിൽ 3-4 വയസ്സ് പ്രായം ഉള്ള ഒരു പെണ്കുഞ്ഞും. ഞാൻ അവളുടെ അടുത്തേക് ചെന്നു.
"ആർക്കാ ഞാൻ ബ്ലഡ് കൊടുത്തത്?കാര്യം എന്തുവാ? ഈ കുഞ്ഞു ഏതാ? നിന്റെ ആരേലും ആണോ? എന്തു പറ്റിയതാ?"
ഞാൻ ഒറ്റ ശ്വാസത്തിൽ ഒരുപാട് നേരെത്തെ എന്റെ സംശയം മുഴുവനും അവളുടെ മുന്നിൽ തുറന്നിട്ടു....അവൾ പറഞ്ഞു തുടങ്ങി,
"രാവിലെ അമ്പലത്തിൽ പോകാൻ ഇറങ്ങിയതാ ഞാൻ. വഴിയിൽ ആൾക്കൂട്ടം കണ്ടപ്പോൾ വെറുതെ കാര്യം അന്വേഷിക്കാൻ ചെന്നതാ, അവിടെ നിന്ന ഒരു ചേച്ചിയാ കാര്യം പറഞ്ഞത്. കുഞ്ഞു റോഡിലേക്ക് ഓടിയപ്പോ പിടിച്ചു മാറ്റാൻ ചെന്നതാ. കുഞ്ഞിന്റെ അമ്മെയെ ഒരു വാൻ തട്ടിയിട്ട് നിർത്താതെ പോയി. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആരൊക്കെയോ ആംബുലൻസ് വിളിച്ചിട്ട് അതെത്തിയിട്ടുമില്ല. ആർക്കും കേറി ഏൽക്കാൻ വയ്യത്തോണ്ട് റോഡിൽ കിടക്കുവാ. ആ കൊച്ചാണെങ്കിൽ ഭയങ്കര കരച്ചിൽ. കുറെ പേരൊക്കെ സൈഡിൽ നിന്ന് ഫോണിൽ വീഡിയോയും ഫോട്ടോയും ഒക്കെ എടുക്കുന്നുണ്ട്. ആർക്കും പക്ഷേ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വയ്യ."  
ഒന്നു ശ്വാസമെടുത്തിട്ട് അവൾ തുടർന്നു,

"കണ്ടപ്പോ എനിക് ഒട്ടും സഹിക്കാൻ പറ്റിയില്ലെടെ... ഈ കുഞ്ഞാണെങ്കിൽ നിർത്താതെ കരച്ചിലും. ആംബുലൻസ് വരാൻ താമസിച്ചല്ലോ... ആരേലും ഒന്ന് ഈ ചേച്ചിയെ പിടിക്ക് നമുക്ക് വേറെ വല്ല വണ്ടിയിലും ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറഞ്ഞപ്പോ അവിടെ നിന്ന ഒരുത്തൻ പറയുവാ.' "കൊച്ചേ ആക്‌സിഡന്റ് കേസാ   എന്തിനാ വെറുതെ വയ്യാവേലി എടുത്തു തലേൽ വെക്കുന്നെ",എന്ന്  
'നാളെ ചേട്ടന്റെ ഭാര്യയോ മോളോ ഈ കിടപ്പു കിടന്നാലോ എന്നും ചോദിച്ചു ഞാൻ കുറേ ദേഷ്യപ്പെട്ടു. ഒടുവിൽ ഒരു ഓട്ടോക്കാരൻ സഹായിക്കാമെന്ന് ഏറ്റു. അങ്ങനെയാ ഇവിടെ എത്തിച്ചത്. കുഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയി. ഇവിടെ വന്നപ്പോൾ പറഞ്ഞു ക്രിട്ടിക്കൽ ആണ് ഓപ്പറേഷൻ വേണം , അതോണ്ട് ബ്ലഡ് വേണ്ടിവരുമെന്ന്. റയേർ ബ്ലഡ് ഗ്രൂപ്പ് ആയത് കൊണ്ട് ബ്ലഡ് ബാങ്കിൽ കാണില്ല അതുകൊണ്ട് എത്രെയും പെട്ടെന്ന് ഡോണർസിനെ കണ്ടുപിടിക്കാൻ പറഞ്ഞു ഡോക്ടർ, അതാ രാവിലെ നിന്നെ വിളിച്ചു വരുത്തിയെ."
പറഞ്ഞു നിർത്തിയപ്പോൾക്കും അവളുടെ കണ്ണ് നിറഞ്ഞു നിൽക്കുന്നു. എനിക് എന്ത് പറയണം എന്ന് അറിയാതെ ആയിപ്പോയി. പക്ഷെ എന്തോ മനസിൽ അവളോട് ഒരു ബഹുമാനം  തോന്നി. അവളുടെ അരുമല്ലാഞ്ഞിട്ടുകൂടി സഹായിക്കാൻ തോന്നിയില്ലേ...  കുഞ്ഞപ്പോളേക്കും ഉണർന്ന് വീണ്ടും കരച്ചിൽ തുടങ്ങി. പാവം ഒരുപാട് പേടിച്ചു കാണും....അവൾ കുഞ്ഞിനെ എടുത്തുകൊണ്ട് നടന്നു... 

ഒരു അരമണിക്കൂർ കഴിഞ്ഞുകാണും ആ ചേച്ചിടെ വീട്ടുകാരെത്തി...
"നിന്റെ ബ്ലഡ്‌ എടുത്തുകൊണ്ടിരുന്നപ്പോൾ  പോലീസ് വന്നിരുന്നു അവരറിയിച്ചതാകും"
ബന്ധുക്കളെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. ഡോക്ടറോടും മറ്റും സംസാരിച്ച ശേഷം ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങളാണ്  ഹോസ്പിറ്റലിൽകൊണ്ടുവന്നതെന്നും ബ്ലഡ്‌ കൊടുത്തതെന്നുമൊക്കെ ഡോക്ടർ പറഞ്ഞ്  അവരറിഞ്ഞിരുന്നു. അച്ഛനെക്കണ്ടതോടെ വാവ കരച്ചിൽ നിർത്തി അവളുടെ അച്ഛന്റെ നേരെ  ചാഞ്ഞു.
"കൃത്യസമയത്തു കൊണ്ടുവന്നു രക്തം ഒകെ കിട്ടിയതുകൊണ്ടാ ഓപ്പറേഷൻ നടന്നത്, ഇല്ലെങ്കിൽ മോൾക്ക്‌ അവളുടെ അമ്മയെ ഇനി കാണാൻ ഒക്കില്ലാരുന്നു എന്നാ  ഡോക്ടർ പറഞ്ഞത്",
ഇടറിയ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
"നന്ദിയുണ്ട് ഒരുപാട്......",
അത് പറഞ്ഞപ്പോ ആ മനുഷ്യന്റെ കണ്ണു നിറയുന്നത് ഞാൻ കണ്ടു....
ഒരു ജീവൻ രക്ഷിക്കാൻ ഞാനും നിമിത്തമായല്ലോ എന്ന സംതൃപ്തിയിൽ വാവയുടെ കവിളിൽ ഒരു ഉമ്മയും നൽകി അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.....
ഹോസ്പിറ്റലിന്റെ വാതിൽ കടന്ന് പുറത്തേക്കിറങ്ങിയപ്പോൾ അറിയാതെ ആഗ്രഹിച്ചുപോയി...
പണ്ട് അച്ഛനെ വണ്ടി ഇടിച്ചു കിടന്നപ്പോൾ ആരെങ്കിലും ഒന്ന് ഹോസ്പിറ്റലിൽ ആക്കിയിരുന്നെകിൽ എന്ന്......

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars