Monday 29 August 2016

കാത്തിരിപ്പ്

മനസ്സിന്റെ ആഴങ്ങളിൽ പല മണിച്ചെപ്പുകളിലായ് സൂക്ഷിച്ച ഒരു പിടി ഓർമ്മകളുമായ് ഞാൻ നിനക്കായ് കാത്തിരിക്കുകയായിരുന്നു.. മയിൽപ്പീലി കൊണ്ട് ചാലിച്ച നൂറായിരം വർണ്ണങ്ങൾ.. അവയിൽ മുക്കിയെടുത്ത ഓർമ്മയുടെ മുത്തുകൾ കോർത്തിണക്കിയ മാല്യം ചാർത്തി കടൽക്കാറ്റ് തഴുകുന്ന മണൽത്തിട്ടയിൽ നമ്മെ തഴുകിയിരുന്ന കാറ്റിനെയും തിരകളെയും തേടി ഞാൻ ചെന്നിരുന്നു..
ഓരോ മഴക്കാലത്തെയും വരവേൽക്കാൻ ഞാൻ അവിടെത്തന്നെയുണ്ടായിരുന്നു; വേനൽ വന്ന് വിട ചൊല്ലിയപ്പോഴും, ശിശിരകാലം കുളിർ കോരിയിടുമ്പോഴും ഞാൻ മറ്റെവിടെയും ആയിരുന്നില്ല.... പണ്ടെങ്ങോ കേട്ട അറേബ്യൻ കഥയിലെ സ്വപ്ന നായികയെ പോലെ ഓരോ ഋതുവിനെ വരവേറ്റും അവയ്ക്ക് വിട നൽകിയും നീയെന്ന എന്റെ രാജകുമാരനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു..
എത്ര കാലം കഴിഞ്ഞാലും മറക്കാനാകാത്ത ഒരു പിടി മധുരമായ ഓർമ്മകൾ മാത്രമായിരുന്നു ആദ്യം എനിക്ക് കൂട്ട്.. ജീവിതത്തോട് ഏകാന്തമായ പ്രണയമായിരുന്നു എനിക്ക്. നിന്നെ തേടി ഞാനലഞ്ഞ ഓരോ വഴിയോരങ്ങളിലും നിന്നെ പിരിഞ്ഞതിലുള്ള എന്റെ വേദന നിറഞ്ഞു നിന്നിരുന്നു. നിന്നെ ഒരിക്കലും ഇനി കണ്ടുമുട്ടില്ലായെന്നു കരുതി ദു:ഖിക്കുമ്പോഴും നീ ആഗതനാകുന്നു എന്ന തോന്നലിൽ സന്തോഷിക്കുമ്പോഴും എനിക്കൊപ്പം ചിരിച്ചും കരഞ്ഞും ഋതുക്കൾ എനിക്ക് കൂട്ടിരുന്നു. ഇനി എത്ര തന്നെ നാളുകൾ കഴിഞ്ഞാലും എത്ര തന്നെ ജന്മങ്ങളായാലും എനിക്ക് കൂട്ടായ് എന്റെ ഓർമ്മകൾക്കൊപ്പം ഞാൻ നിനക്കായ് ഉള്ള എന്റെ കാത്തിരുപ്പ് തുടരുക തന്നെ ചെയ്യും...

മഴ

മഴ വീണു മറയുന്ന ചില്ലുജാലത്തിനപ്പുറം
നിറയുന്നു വർണ്ണങ്ങൾ തൻ ഒരു ചെറുചിത്രം
ചായങ്ങൾ കൊണ്ടെഴുതുന്ന ഒരു സുന്ദരകാവ്യം
മനസ്സിന്റെ ആഴങ്ങളിൽ ഒരു വർണ്ണശകലം
മഴയുടെ ചിലമ്പൊലി നിറയ്ക്കുന്ന ഗാനം ഹൃദയത്തിൽ ഉണർത്തുന്നു ഒരു പുതിയ രാഗം
മനസ്സിൽ പതിഞ്ഞ ഒരു നിറമുള്ള ചിത്രം
വർണ്ണങ്ങൾ കൊണ്ടൊരുക്കിയ ഒരു മധുരസ്വപ്നം
തല നീട്ടുന്നു പുതിയ ചെറുനാമ്പുകൾ മഴയെന്ന ജീവനെ ഉള്ളിലേറ്റി
വിടരുന്നു പൂവുകൾ, വിരിയുന്നു തളിരുകൾ ഒരു പുതിയ കാലത്തെ വരവേൽക്കാനായ്..
വിണ്ണിൽ പതിക്കുന്ന കുഞ്ഞുമഴത്തുള്ളികൾ കൂടുന്നു ഒഴുകുന്നു തോടായ് നദിയായ്
ചേരുന്നു പ്രിയ പ്രാണനാം കടലാഴി തൻ ഹൃത്തിൽ ഒരു സുന്ദര പ്രണയകാവ്യം പോൽ.....

Saturday 27 August 2016

മരണം

കിനാവിന്റെ വാതിൽ പടിയിൽ, മാനത്ത് കുങ്കുമം വിതറിയ അസ്തമയ സൂര്യനെ നോക്കിയിരിക്കുമ്പോൾ മനസിൽ ഓർമ്മകളുടെ വേലിയേറ്റമായിരുന്നു.... കാലാകാലങ്ങളിൽ ദേശങ്ങൾ താണ്ടി പാറുന്ന ദേശാടനക്കിളികളെ പോലെ നമ്മൾ നടന്നിരുന്ന കാലം ഇന്നലെയുടെ താളുകളിലെ നിറം മങ്ങിയ ചിത്രമായ് മാറിക്കൊണ്ടിരിക്കുന്നു . കാലമെത്ര കഴിഞ്ഞിരിക്കുന്നു... ശിശിരവും വാസന്തവും തനിയാവർത്തനങ്ങളാകുന്നു... സൂര്യൻ ഉദിക്കുന്നു അസ്തമിക്കുന്നു... വർഷത്തിന്റെ ശിഖരങ്ങളിൽ നിന്ന് നാളുകൾ ഇലകൾ പോലെ കൊഴിഞ്ഞു പോകുന്നു.. ജനനം മരണം എല്ലാം അതേപടി. ഏകയായിരുന്നില്ല നീ പോയ ശേഷം.. ഏകാന്തത എനിക്ക് കൂട്ടിരുന്നു.. മരണമെന്ന സത്യം എത്ര വലുതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.ഇപ്പോൾ കാത്തിരിക്കുകയാണ്.. കണ്ണുകളുടെ തെളിച്ചം കുറയുന്നു, ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുന്നു.. പടിവാതിൽക്കലോളം എത്തിയ മൃത്യുവിനെ വരിക്കാൻ ഞാൻ തയ്യാറായിക്കഴിഞ്ഞു.ഇഹലോകത്ത് എന്ന പോലെ പരലോകത്തും നമുക്ക് കണ്ടുമുട്ടാം.. മരണം എന്നെ വിളിക്കുന്നു. ഞാൻ എന്റെ യാത്ര അവസാനിപ്പിക്കുകയാണ്.. പുതിയത് തുടങ്ങുവാൻ വേണ്ടി.....

Saturday 13 August 2016

തലമുറ

മുത്തശ്ശനേയും മുത്തശ്ശിയേയും അവന്റെ മാതാപിതാക്കൾ വ്യദ്ധസദനത്തിൽ കൊണ്ടാക്കിയപ്പോൾ അവൻ ഒരുപാട് കരഞ്ഞു ... ഇന്ന് അവന്റെ മകനും അതേ കാരണത്താൽ കരയുന്നു

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars