Thursday 17 November 2016

വിധി

മേശമേൽ വലിച്ചുവാരിയിട്ടിരിക്കുന്ന പുസ്തകങ്ങൾ.. കട്ടിലിൽ കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ..അമ്മ വഴക്കുപറയുന്നെ കേട്ട് എന്താണെന്നറിയാൻ വെറുതെ അവന്റെ മുറിയിലേക്ക് എത്തിനോക്കിയതാണ്.. കാര്യം സ്ഥിരം ഉള്ളത് തന്നെ. വഴക്ക് പറഞ്ഞുകൊണ്ട് അമ്മ തന്നെ എല്ലാം വാരി അടുക്കുന്നുമുണ്ട്.
   അവനെ പക്ഷേ മുറിയിലെങ്ങും കണ്ടില്ല. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയതാകും.. എന്നും സ്കൂൾ വിട്ട് വരുന്ന ഉടനെ മുറിയിൽ വന്നു എനിക്കൊരു സലാം പതിവുള്ളതാണ്. ഇന്ന് അതും ഇല്ലായിരുന്നു. എന്തുപറ്റി എന്ന് ചോദിയ്ക്കാൻ അവൻ വീട്ടിലും ഇല്ല. അധികം കൂട്ടുകൂടി നടക്കുന്ന ശീലമില്ല. കൂട്ടുകാരും അധികമില്ല. വീട്ടിൽ വന്നാൽ പിന്നെ കുറെയധികം നേരം എന്നോട് ഓരോ കാര്യം പറഞ്ഞിരിക്കും. എല്ലാം ഒരു പതിവായിരിക്കുന്നു. ഇന്നാണെങ്കിൽ ആ പതിവും തെറ്റിയിരിക്കുന്നു. അമ്മ അപ്പോഴും അവനെ വഴക്കു പറഞ്ഞുകൊണ്ട് മുറി അടുക്കികൊണ്ടിരുന്നു...
അവൻ തിരികെ വന്നപ്പോൾ വല്ലാതെ നേരം ഇരുട്ടിയിരുന്നു. എന്തുപറ്റി ഇത്രനേരം വൈകിയത് എന്ന് ചോദിച്ചു അമ്മ വീണ്ടും അവനെ ശകാരിക്കുന്നത്‌ കേട്ടു. അമ്മ യുടെ വഴക്കു തുടർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ അവൻ മുറിയിലേക്ക് വന്നു.
മുഖത്തു പതിവ് ചിരിയും കുസൃതിയും ഒന്നും കാണാനില്ല.. ആകെ ഒരു ഗൗരവ ഭാവം. എന്തുപറ്റി എന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടുന്നുമില്ല.
  കണ്ണുനീർ ഉറവ പൊട്ടിയപോലെ വരുന്നു."ചേച്ചി.."ഒന്ന് വിളിച്ച ശേഷം ഏലങ്ങലടിച്ചു കരച്ചിൽ തന്നെ..വല്ല കുരുത്തക്കേടും ഒപ്പിച്ചു കാണും.സാധാരണ അങ്ങനെ ഉള്ളപ്പോഴാണ് ഇതുപോലെ ഉള്ള അടവുമായി എന്റെയടുത്തു വരുക. അമ്മയോട് അവന്റെ സൈഡ് പിടിചു സംസാരിക്കാൻ വേണ്ടി.
  " മിലനു തീരെ വയ്യ ചേച്ചി..." അവൻ പറഞ്ഞുതുടങ്ങിയപ്പോ ആദ്യം കാര്യം മനസിലായില്ല. മിലൻ അവന്റെ അടുത്ത സുഹൃത്താണ്.
മിലനു എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ വീണ്ടും അവന്റെ കണ്ണ് നിറഞ്ഞു."അവനു എന്തോ അസുഖമാന്നു പറഞ്ഞു കൊറേ നാളായി സ്കൂളിൽ വരുന്നില്ലാർന്നു..ഇന്ന് അവൻ വന്നു ചേച്ചി..വല്ലാണ്ട് ക്ഷീണിച്ചുപോയി അവൻ."
"പഴേപോലൊന്നും അല്ല ചേച്ചി..സംസാരിക്കാൻ ഒകെ വല്യ പാടാ.. ഞങ്ങടെ കൂടെ കളിക്കാൻ ഒന്നും വന്നില്ലാർന്നു..ഞങ്ങടെ കൂടെയുള്ള ഒരു ചെക്കൻ അവനെ ഒരുപാട് കളിയാക്കി ചേച്ചി..അവൻ ഒരുപാട് സങ്കടായി.. ഞാൻ കൊറേ സമാധാനിപ്പിക്കാൻ നോക്കി പക്ഷെ അവൻ കരഞ്ഞു.."
"കൊറേ കഴിഞ്ഞപ്പോ ചേച്ചി അവനു ഒരു ശ്വാസംമുട്ടല് പോലെ വന്നു..ഞാനാ അവനെ ടീച്ചേർടെ അടുത്ത് കൊണ്ടുപോയെ.. അവിടെ വെച്ച് ചേച്ചി അവൻ ഒരുപാട് കരഞ്ഞു ശ്വാസം കിട്ടുന്നില്ലാർന്നു..കൊറച്ചു കഴിഞ്ഞപ്പോ മൂക്കിനും ഒകെ ചോര വന്നു ചേച്ചി ഞാൻ ഒരുപാട് പേടിച്ചുപോയി..ഞാനും കരഞ്ഞു ഒരുപാട്..അവനെ അപ്പോളേക്കും ആസ്പത്രിൽ കൊണ്ടുപോയി ചേച്ചി..ഞാൻ അതോണ്ട് നമ്മുടെ അമ്പലത്തിൽ പോയതാരുന്നു ചേച്ചി, പ്രാർത്ഥിക്കാൻ, അവന് ഒന്നും പറ്റല്ലെന്ന്.."
ഒരു നിമിഷം കൊണ്ട് എന്റെ മനസ്സും ഇടിഞ്ഞു. അവനെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു വിട്ടപ്പോളും ഒരു വിങ്ങലാരുന്നു മനസ്സ് നിറയെ.. അമ്മയോട് കാര്യം പറഞ്ഞു മിലൻറെ വീട്ടിലേക് വിളിച്ച അന്വേഷിച്ചു.. ഹാർട്ടിൻറെ എന്തോ പ്രശ്നം ആണ്.. കുറെ നാളായി ചികിത്സയിലാരുന്നു സ്കൂളിൽ പോകണമെന്ന് വാശി പിടിച്ചപ്പോൾ വിട്ടതാണ്..അപ്പോളാണ്....
കൂടുതൽ ഒന്നും കേൾക്കണം എന്ന് തോന്നിയില്ല..രാത്രിയിൽ എന്തൊക്കെയോ ദുസ്സ്വപ്നങ്ങൾ കണ്ടു ഞാൻ ഇടയ്ക്കിടക്ക്‌ ഞെട്ടി ഉണർന്നു കൊണ്ടേയിരുന്നു.. രാവിലെ തന്നെ ഉണർത്തിയത് ഫോൺ ബെൽ ആയിരുന്നു. ഒരുപാട് ദുസ്സ്വപ്നങ്ങൾ കണ്ടത്‌കൊണ്ട് പേടിയോടെയാണ് ഫോൺ എടുത്തത്. മിലനു ഭേദമുണ്ട് എന്നതാരുന്നു വാർത്ത.. ഒരുപാട് ആശ്വാസം തോന്നി അത് കേട്ടപ്പോൾ..
അറിഞ്ഞപ്പോൾ മുതൽ അവനു മിലനെ കാണണം എന്ന് വാശി.. ഞാൻ ആയിരുന്നു അവന്റെ ഒപ്പം പോയത്.. ഐ സി യു വിനു മുന്നിൽ കരഞ്ഞു ക്ഷീണിച്ച ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി അവൻ ദോ ചേച്ചി മിലൻറെ അമ്മ എന്നും പറഞ്ഞു അവൻ അങ്ങോട്ടേക്ക് ഓടി ചെന്നു.. അവനെ കണ്ടപ്പോളെകും ആ മുഖത്തു കണ്ട സന്തോഷം എത്ര വലുത് ആണെന്ന് എനിക്ക് പറയാൻ അറിയില്ല.. തിരിച്ചു പോരുമ്പോൾ അനിയൻ ഹാപ്പി ആയിരുന്നു..അവന്റെ കൂട്ടുകാരനു കുഴപ്പമൊന്നുമില്ല എന്നറിഞ്ഞതിന്റെ സന്തോഷം അവനെ കാണാൻ പറ്റിയില്ലെങ്കിൽ കൂടി അവനുണ്ടായിരുന്നു..അവന്റെ മുഖം ഒന്ന് വാടിയാൽ വീട്ടിൽ ഓരോരുത്തർക്കും ഉണ്ടാകുന്ന മനഃപ്രയാസം എത്രത്തോളം ആണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല...അപ്പൊ പിന്നെ..കൂടുതൽ ഒന്നും ചിന്തിക്കാൻ പോലും കഴിയുന്നില്ല..
ദൈവം ഓരോരുത്തർക്കും വേണ്ടി കരുതി വെക്കുന്നത് എത്രത്തോളം വ്യത്യസ്തമായ വിധികളാണ്. നമ്മുടെ വിഷമം ആണ് ഏറ്റവും വലുത് എന്ന ചിന്ത ഇപ്പോ തീരെ ഇല്ല.. എന്തുകൊണ്ടെന്നറിയില്ല ഇപ്പോ ഒരു മനഃ ശാന്തി തോന്നുന്നു..

Saturday 12 November 2016

പോരാട്ടം

ചുവപ്പിൽ മുങ്ങി നിൽക്കുന്ന മാനത്തേക്ക് ഉയർന്ന് പാറുന്ന പറവക്കൂട്ടങ്ങൾ പോലും നിശബ്ദത പാലിച്ച സായാഹ്നത്തിൽ വല്ലാതെ കലുഷിതമായ മനസുമായി ആകാലങ്ങളിലേക്ക് മിഴി പായിച്ചു നിൽക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയിരിക്കുന്നു വല്ലാതെ. മരണവുമായുള്ള പോരാട്ടത്തിൽ ഒട്ടനേകം പരിക്കുകൾ വന്നു ചേർന്നു. തോറ്റു കൊടുക്കാൻ മനസ്സനുവദിക്കത്ത്തുകൊണ്ടു ഇപ്പോളും പോരാടികൊണ്ടിരിക്കുന്നു. തിരിച്ചറിവുകളുടെ കാലമായിരുന്നു ഈ സമയമത്രെയും. എന്നെ സ്നേഹിച്ചവരെയും അത് അഭിനയിച്ചവരെയും ഇപ്പോ എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. രോഗം എന്റെ ആരോഗ്യവും ഓജസ്സും കവർന്നെടുത്തപ്പോൾ ശോഷിച്ചുപോയ ബന്ധങ്ങളുണ്ട്. നിലനിൽക്കുന്ന സ്നേഹത്തിന്റെ വില എനിക്കിപ്പോൾ അറിയാം. ഈ പോരാട്ടത്തിന്റെ അവസാനം വിജയം കാണാൻ ഞാൻ ഉണ്ടാകുമെന്ന് ഉറപ്പില്ല. എങ്കിലും ഇന്നി കാൻസർ സെന്ററിലേ ചില്ലു മുറിയിൽ ഏകയായി ഇരിക്കുമ്പോൾ ക്യാൻസർ സമ്മാനിച്ച വേദനകളും നഷ്ടപ്പെട്ടുപോയ ഓർമകളും ആണ് കൂട്ട്. വേദനകൊണ്ട് ഉറക്കം നഷ്ടപ്പെട്ട ഒരുപാട് ദിവസങ്ങളിലെ ക്ഷീണവും മരുന്നുകളുടെ ആലസ്യവും. ഞാൻ ഇനി ഉറങ്ങട്ടെ. ഒരിക്കലും ഉണരാതിരുന്നെങ്കിൽ എന്നെനിക്കു ആഗ്രഹമുണ്ട് പക്ഷെ എനിക്കു വേണ്ടി, എന്റെ മടങ്ങി വരവിനു വേണ്ടി കാത്തിരിക്കുന്നവരെ എനിക്ക് ഇനിയും കാണണം. വിധി നിർണയിക്കുന്ന ന്യായാധിപൻ അതും തീരുമാനിക്കട്ടെ.

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars