Wednesday 1 August 2018

മതം

എന്താണ് നിന്റെ മതം? പലരും ചെയ്യുന്ന പോലെ തമ്മിൽ തല്ലാനും ചോര ചിന്താനും കുത്തിതിരിപ്പ് ഉണ്ടാകാനും ഒരു വഴി മാത്രമല്ല മതം ..
#നിന്റെ സമ്മതമാണ്
#നിന്റെ അറിവാണ്
#നിന്റെ അഭിപ്രായങ്ങളാണ്
#നിന്റെ വിശ്വാസവും ഇഷ്ടവും സിദ്ധാന്തവുമാണ്
#ഇങ്ങനൊക്കെ ആണെങ്കിലാണ് ഇത് നിന്റെ ധർമ്മം ആകുക
മതത്തെ അതിന്റെ അർത്ഥത്തിൽ മനസിലാക്കുമ്പഴാണ് നിന്റെ ചിന്ത സ്വതന്ത്രമാകുക അപ്പോഴാണ് ഓരോ മതത്തിലും സ്നേഹം വളരുക.. എല്ലാ മതത്തെയും ഒരു പോലെ കാണാൻ ഉള്ള തുറന്ന കാഴ്ചപ്പാട് ലഭിക്കുക.. എല്ലാറ്റിനുമുപരി നീ നീയാകുക..

Thursday 12 July 2018

ഓർമകളിൽ..

 ഓർമകളുടെ ഭാരം ഏറിയപ്പോളാണ് നിന്റെ എത്ര ഓർമകൾ എന്റെയുള്ളിൽ ഉണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്.. പിന്നീടെപ്പോഴോ ഞാൻ എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ ഒരു ശ്മശാനം പണിതു. നിന്റെ ഓർമകളെ അടക്കം ചെയ്യാൻ വേണ്ടി മാത്രം ഒരു ശവപറമ്പു പണിതു..നിന്റെ ഓർമകളെ ഹൃദയത്തിന്റെ ആ ഒരു കോണിൽ കുഴിവെട്ടി മൂടി..   ഒരിക്കലും പൊന്തി വരാത്ത രീതിയിൽ മതിലുകൾ തീർത്തു.. കഴിഞ്ഞ ആ നാളുകൾക്കിടെയിൽ തകർന്നു തുടങ്ങിയ ആ മതിലുകളെ മറന്ന് തുടങ്ങിയതായിരുന്നു.. വീണ്ടും പക്ഷെ കുഴിച്ചുമൂടിയ നിന്റെ ഓർമകളുടെ ആത്മാക്കൾ ഉയിർത്തെഴുന്നേറ്റു തുടങ്ങിയിരിക്കുന്നു... അടർന്നു തുടങ്ങിയ ഭിത്തികൾ തകർത്തു അവ വീണ്ടും മനസിന്റെ മറ്റു കോണുകളിലേക്കും വ്യാപിച്ചിരിക്കുന്നു..എന്ത് ചെയ്താലാണ് അവയെ ഒഴിവാക്കാൻ ആകുക എന്ന് കുറെ തിരഞ്ഞതാണ്.. ഇപ്പോഴും അറിയില്ല.. ഒരുപക്ഷേ എനിക്കൊപ്പം മാത്രമേ അത് അവസാനിക്കുള്ളായിരിക്കും.. എന്റെ മരണത്തിനൊപ്പം അവ മണ്ണിൽ അലിഞ്ഞു ഇല്ലാണ്ടാകുമായിരിക്കും..

Sunday 3 June 2018

നീ

എഴുതി മടക്കിയ താളുകൾക്കിടയിൽ ആരും കാണാതെ ഒളിപ്പിച്ച നിന്റെ ഓർമകളുണ്ടായിരുന്നു.. പറയാതെ പറഞ്ഞ വാക്കുകൾക്കപ്പുറം പറയാൻ കഴിയാതെപോയ പ്രണയമുണ്ടായിരുന്നു. പെയ്തൊഴിഞ്ഞ മഴക്കപ്പുറം തോരാതെപോയ സ്നേഹമുണ്ടായിരുന്നു. ആർക്കും കൊടുക്കാതെ നിനക്കായി മാത്രം ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു. നിനച്ചിട്ടും നടക്കാതെ പോയ കിനാവുകൾ മാത്രം ഇപ്പോളും പൊടി പിടിചു അവിടെ ഉണ്ടാകും, നിന്നോടുള്ള എന്റെ പ്രണയത്തിന് കാവലായി..

Thursday 25 January 2018

മാളൂട്ടി

M.A കഴിഞ്ഞു ഒരുപാട് നാളത്തെ പരിശ്രമത്തിന് ശേഷം ആണ് ഗസ്റ്റ് ലക്ച്ചർ പോസ്റ്റിൽ ഒരു ജോലി കിട്ടുന്നത്. അതുകൊണ്ടാണ് കുറച്ചു ദൂരം കൂടുതൽ ആയിരുന്നിട്ട്കൂടി പോകാൻ തീരുമാനിച്ചത്. ആഴ്ചയിൽ മൂന്നോ നാലോ മണിക്കൂറുകൾ മാത്രമാണ് ക്ലാസ്സ്‌ ഉള്ളത്.വിഷയം പൊളിറ്റിക്കൽ സയൻസ് ആയതുകൊണ്ട് സാധാരണയായി ഒരു കോളേജ് അധ്യാപികക്ക് നേരിടേണ്ട പ്രശ്നങ്ങൾ ഒന്നുംതന്നെ നേരിടേണ്ടി വന്നിട്ടില്ല കാരണം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും എൽ എൽ ബി യും സിവിൽ സർവിസും  സ്വപ്നംകാണുന്ന പാവങ്ങളാണ്. പക്ഷെ ഇടക്ക് പൊതുപ്രവർത്തനം ലക്ഷ്യം വെക്കുന്ന കുട്ടി രാഷ്ട്രീയക്കാരും ഉള്ളതിനാൽ ബോറടിക്കാറില്ല .. രാഷ്ട്രീയപ്രവർത്തനം ഇഷ്ടമായത് കൊണ്ടാകും ഈ വിഷയം പഠിപ്പിക്കാൻ ഇത്ര താല്പര്യം.

‎  എന്നത്തേയും പോലെ ക്ലാസ് കഴിഞ്ഞു തിരികെ പോകുന്ന വഴിക്കാണ് റോഡരികിൽ ഒരു കൊച്ചു കുട്ടി നിന്ന് കരയുന്നത് ശ്രദ്ധിച്ചത്. അത്യാവശ്യം നല്ല തിരക്കുള്ള റോഡായിരുന്നിട്ട് കൂടി ഒരു പൂച്ചക്കുട്ടിക്ക് കൊടുക്കുന്ന പരിഗണന പോലും ആരും അവൾക്കു കൊടുക്കുന്നില്ല.മുന്നോ നാലോ വയസ് കാണും, മുഷിഞ്ഞ വസ്ത്രം ഒക്കെയാണ് ധരിച്ചിരിക്കുന്നത്. ഭിക്ഷാടനം കുട്ടികളെ കൊണ്ട് നടത്തിപ്പിക്കുന്ന കാലമല്ലേ അതുപോലെ ആരെങ്കിലും ആകും എന്നു കരുതി ആദ്യം നടന്നു തുടങ്ങിയതാണ്. ദിന പത്രത്തിൽ ദിവസവും കാണുന്ന വാർത്തകളാണ് മനസ്സിൽ തെളിഞ്ഞത്. പിന്നെ അവളെ അവിടെ നിർത്തി പോകാൻ മനസ്സനുവദിച്ചില്ല.

തിരികെ കുഞ്ഞിനടുത്തേക് ചെന്നു. "മോളെന്തിനാ കരയുന്നെ" എന്ന് ചോദിച്ചപ്പോഴേക്കും കരച്ചിൽ വീണ്ടും ഉച്ചത്തിലായി. ഞാനാകെ പതറിപോയി. കുഞ്ഞപ്പോൾ അമ്മേ കാണണം എന്നും പറഞ്ഞു കൊണ്ട് കരച്ചിലാണ്. എന്തായാലും ചെന്നു തലവെച്ചുകൊടുത്തു പോയില്ലേ എന്ന ഒരു സാദാ മലയാളിയുടെ മനോഭാവത്തോടെ കൊച്ചിന്റെ അമ്മ അവിടെ എവിടേലും ഉണ്ടേൽ കൊണ്ടുപോയി ഏല്പിക്കാം  ധാരണയിൽ വീണ്ടും ചോദിച്ചു"മോൾടെ അമ്മ എന്തിയെ?"ന്ന്.

വിചാരിച്ചപോലെ തന്നെ. കൊച്ചൊന്നും പറയുന്നില്ല. കൊച്ചിന്റെ കരച്ചിലും എന്റെ നിപ്പും കണ്ട പന്തികേട് തോന്നി ഒരു അമ്മച്ചി വന്ന എന്നോട് കാര്യം തിരക്കി. കാര്യം കേട്ടതും ഒരു പുച്ഛ ഭാവത്തിൽ എന്നോട് പറഞ്ഞു,"വല്ല പിച്ചക്കാരുടെയും കൊച്ചായിരിക്കും, മോളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ നോക്കുന്നെ.. കാലം അത്ര നല്ലതോന്നുവല്ല മോൾ ചെല്ലാൻ നോക്ക്". ഇതും പറഞ്ഞു അവര് പോയി.
ഞാൻ അവിടെ ഒറ്റപ്പെട്ട് പോയപോലെ. വേറെയാരും ശ്രദ്ധിക്കുന്നുവില്ല. രണ്ടും കല്പിച്ചു ഞാൻ കൊച്ചിന്റെ അമ്മയെ കണ്ടുപിടിക്കാമെന്നു തന്നെ വെച്ചു. ഒരുവിധത്തിൽ അമ്മേ കാണിച്ചുതരം എന്നൊക്കെ പറഞ്ഞു കൊച്ചിന്റെ കരച്ചിൽ അടക്കി. അമ്മ എവിടെപോയതാണ് ന്ന് ചോദിച്ചിട്ട് കൊച് അറിയില്ലയെന്നു കൈമലർത്തി. പേരു മാളു ന്നാ,ദൂരെയ വീട് എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിക്കുന്നു. വിശക്കുന്നു കഴിച്ചില്ല എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കൊച്ചിനെയും കൊണ്ട് അടുത്തുള്ള ഒരു കടയിൽ കയറി ഭക്ഷണം മേടിച്ചുകൊടുത്തു.

  എവിടെയെങ്കിലും ഒന്ന് ഏല്പിക്കണമല്ലോ..അതിനെയും കൊണ്ട് അടുത്തുള്ള പോലീസ് സ്റ്റേഷൻ കണ്ടുപിടിച്ചു കയറി. എന്തായാലും ഏറ്റെടുത്തു പോയതല്ലേ. ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറുന്നതിന്റെ പേടി ചില്ലറയൊന്നുമല്ല. സിനിമയിലൊക്കെ കണ്ടിട്ടുള്ള പോലെ പരുക്കൻ പോലീസ് ആണോ എന്ന് അറിയില്ലലോ.. പക്ഷെ സൗമ്യമായ ഇടപെടലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞു. എവിടുന്നാണ് കുട്ടിയെ കിട്ടിയത് കണ്ടത് എന്നിങ്ങനെ.. കൊച്ചിനോട് ചോദിച്ചപ്പോഴും ഞാൻ പറഞ്ഞത് സത്യം ആണെന്ന് തോന്നിയത് കൊണ്ടായിരിക്കാം, നമ്പർ എഴുതി കൊടുപ്പിച് സ്റ്റേമെന്റിൽ ഒപ്പിടുവിച് പറഞ്ഞു വിട്ടു.

ഈ സമയമത്രയും  കുഞ്ഞിനെ ശ്രദ്ധിച്ചിരുന്നത് കൊണ്ടാകും സമയം വൈകിയത്  അറിഞ്ഞില്ല. കുറച്ചധികം വൈകിയാണ് താമസിക്കുന്ന കോൺവെന്റിൽ എത്തിയത്. താമസിച്ചതിനു ശകാരം കുറച്ചു കേട്ടെങ്കിലും കൂടുതൽ ഒന്നും ആരോടും പറയാൻ പോയില്ല.. അല്ലെങ്കിൽ തന്നെ ഞാൻ ആവശ്യമില്ലാത്ത കാര്യത്തിൽ തലയിട്ട് പണി മേടിക്കാൻ നടക്കുവാണെന്ന പരാതി ഉണ്ട് എന്തിനാ വെറുതെ അതിന്റെ കൂടെ ഇത് കൂടെ പറയിക്കുന്നെ.
  രണ്ട് ദിവസം കഴിഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കാൾ വന്നു. മിസ്സിങ് ലിസ്റ്റ് പരിശോധിച്ചപ്പോൾ ഇങ്ങനെ ഒരു കുട്ടി മിസ്സിങ് ആണെന്ന് കണ്ടു കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട് കുട്ടിയെ കൂട്ടികൊണ്ടുപോകാൻ  മാതാപിതാക്കൾ വരും, കുട്ടിയെ പോലീസ് സ്റ്റേഷനിൽ ഏൽപിച്ച ആളെന്ന രീതിയിൽ ഉള്ള ഫോമലിറ്റീസ് പൂർത്തീകരിക്കാൻ ഞാൻ ചെല്ലണം എന്നുപറഞ്ഞ് ആയിരുന്നു കാൾ.

  ഞാൻ സ്റ്റേഷനിൽ ചെല്ലുമ്പോഴേക്കും കുട്ടിയുടെ മാതാപിതാക്കൾ വന്നു കുട്ടിയെ ഏറ്റെടുത്ത് കൊണ്ടുപോയിരുന്നു. കുറച്ചു നേരമേ കൂടെയുണ്ടായിരുന്നുവുള്ളേങ്കിലും ഒരു വാത്സല്യം തോന്നിതുടങ്ങിയിരുന്നു മാളൂട്ടിയോട്. തിരികെ കോണ്വെന്റിൽ എത്തി റൂമിൽ ഇരുന്നപ്പോളാണ് മദർ അന്വേഷിക്കുന്നു എന്ന ദൂതുമായി കൂട്ടുകാരി എത്തുന്നത്.
  മദർ ന്റെ റൂമിന്റെ വാതിൽ എത്തിയപ്പോൾ തന്നെ കണ്ടു വിസിറ്റർസ് ഉണ്ട്. വഴക്കു പറയാൻ വല്ലതും ആണെങ്കിൽ എന്തിനാ വെറുതെ അവരുടെ മുന്നിൽ നിന്ന് കേൾക്കുന്നതെന്നു വിജാരിച്ച് ഞാൻ പതുക്കെ വലിയാൻ തുടങ്ങിയപ്പോളാണ് "അമ്മാ ദോ ആന്റി" എന്നു വിളിച്ചുപറഞ്ഞു ഒരു കുഞ്ഞുശബ്ദം.

മാളു ആണ്.. അവളുടെ അമ്മയും അച്ഛനും ഉണ്ട് കൂടെ. 2 ദിവസം മുന്നേ കണ്ടതിനെക്കാട്ടിലും സന്തോഷത്തോടെ ഓടിവന്നെന്നെ കെട്ടിപിടിച്ചു നിൽക്കുന്നു. അവളുടെ അമ്മ എഴുന്നേറ്റ് വന്നു എന്റെ കയ്യിൽ മുറുകെ പിടിച്ചു. കണ്ണു നിറഞ്ഞു നില്പുണ്ട്. മിണ്ടിയില്ലെങ്കിൽകൂടെ അവരുടെ കണ്ണുകൾ ഒരുപാട് കാര്യങ്ങൾ  പറയുന്നുണ്ടായിരുന്നു."മോൾക്ക് നല്ലത് വരും" എന്നുംപറഞ്ഞു അവരിറങ്ങുമ്പോൾ എന്റെ കണ്ണും മനസ്സും നിറഞ്ഞിരുന്നു.

ഒറ്റപ്പെടലിന്റെ വേദന എന്നെ പോലൊരു അനാഥയെക്കാൾ നന്നായി ആർക് മനസിലാകും.. അകത്തപ്പോൾ ഉപേക്ഷിക്കപ്പെട്ടുപോയ ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു കേൾക്കാമായിരുന്നു..

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars