Tuesday 7 January 2020

ഒരു പ്രണയക്കുറിപ്

പ്രിയപ്പെട്ട ആൾക്ക്,
പെയ്തിറങ്ങുന്ന മഴയോട് ചേർന്നൊഴുകുന്ന പുഴപോലെ നിന്നിലേക്കെത്തണം എന്നത് ഒരുപക്ഷേ എന്റെ നിയോഗമായിരുന്നിരിക്കും. അന്നൊരുമഴക്കാലത്തെപ്പോളോ നിന്നെ ഞാൻ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു വേലിയേറ്റം അനുഭവപ്പെടുന്നുണ്ടായിരുന്നു. കാലം കഴിഞ്ഞു പോകുംതോറും നിന്നോട് പരിചയവും സൗഹൃദവും പിന്നീട് പ്രണയവും ആയി. നിസ്സാര കാര്യങ്ങൾ പോലും നിന്നോട് ഞാൻ പറയാൻ തുടങ്ങിയതും മറ്റാരോടും തോന്നതൊരിഷ്ടം നിന്നോട് തോന്നിതുടങ്ങിയതും എന്ന് മുതലാണെന്നു എനിക്കറിയില്ല. പക്ഷെ കണ്ട നാൾ മുതൽ തന്നെ എന്റെ മനസ്സിൽ നീ ഉണ്ടായിരുന്നു എന്നെനിക്കുറപ്പാണ്. ഒരുവാക്കുപോലും പറയാതെ എന്നെ അറിയുന്ന നിന്നെ എങ്ങനെ ഞാൻ പ്രണയിക്കാതിരിക്കും. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഇത് പറയാമെന്ന് കരുതിയത്. നിന്നെ ഞാൻ പ്രണയിക്കുന്നു....
                                              എന്ന്,
                                                       ഞാൻ

ആണ്ട്

"എങ്ങോട്ടാ ഭാസ്കരമ്മാമ്മേ ഇത്ര ദൃതീല്.. ?"
" അവളു മരിച്ചിട്ടിന്ന്  ഒരു വർഷം തികയല്ലേ മോളേ...  രണ്ടു ദിവസായിട്ട് അതിന്റെ ഓരോരോ കാര്യങ്ങൾക്കുള്ള ഓട്ടത്തിലാ..  എല്ലാത്തിനും ഞാൻ തന്നെ വേണ്ടേ ഓടാൻ..
 മക്കളില്ലാതെന്റെ വിഷമം ശരിക്കും അറിയുന്നത് ഇപ്പോഴാ..  
അല്ല..  മോളിതെങ്ങോട്ടാ " 
"കരുണാലയം വരെ..  
സമയം കിട്ടുമ്പോ ഞാൻ അവിടുത്തെ  പെണ്കുട്ട്യോൾക് തയ്യല് പഠിപ്പിക്കാൻ പോകാറുണ്ട്. ഇതിപ്പോ കുറച്ചായി അങ്ങോട്ട് പോയിട്ട്..  "
"അല്ല... നിനക്കപ്പോ തയ്യലും വശമുണ്ടോ.. " 
 "പണ്ട് സ്കൂളവധിക്ക് കുഞ്ഞമ്മേടെ വീട്ടിൽ പോയ് നിക്കുവാരുന്നു, അപ്പൊ കുഞ്ഞമ്മ പഠിപ്പിച്ചതാ...  അതിപ്പോ ഇങ്ങനൊരു കാര്യത്തിന് പ്രയോജനപ്പെട്ടു."
"മോളും അങ്ങോട്ടായതെന്തായാലും നന്നായി..   കരുണാലയത്തിലെ ഇന്നൊരു ദിവസത്തെ ചിലവ് എന്റെ വകയാ... അവളുടെ ഓർമക്കായി...   
അവിടുത്തെ കുട്ട്യോളെ ഒക്കെ അവൾക് വലിയ ജീവൻ ആയിരുന്നു. ഹാ.. ഇനി പറിഞ്ഞിട്ടെന്താ അവള് പോയില്ലേ."
അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.
ഭാസ്കരേട്ടന്റെ കൂടെ ഓട്ടോയിൽ പോകുന്ന വഴി മുഴുവനും സതിയേട്ടത്തിയെ പറ്റി ആയിരുന്നു മനസ്സിൽ. എവിടെ പോയാലും രണ്ടാളും ഒരുമിച്ചേ പോകു..  തമ്മിലുള്ള സംസാരവും കരുതലുമൊക്കെ  കണ്ടാൽ മധുവിധു ആഘോഷിക്കാൻ പോവാണെന്ന് തോന്നും
അത്രക്കാ  രണ്ടാൾടെയും സ്നേഹം. വീട്ടിൽ അമ്മ എപ്പോഴും പറയും ഭാസ്കരേട്ടന്റെയും ചേച്ചിയുടെയും  സ്നേഹം കണ്ട് അസൂയകൊണ്ടാ ദൈവം  അവർക്കു കുട്ടികളെ നൽകാഞ്ഞതെന്ന്,  അല്ല  അമ്മ അങ്ങനെ ചിന്തിച്ചതിനെയും കുറ്റം പറയാൻ പറ്റൂലല്ലോ.   
ഒരു വർഷം മുമ്പ് ഹൃദയാഘാതം കാരണം സതിയേട്ടത്തി മരിച്ചതിനു ശേഷം ഭാസ്കരേട്ടനെ അധികം പുറത്തേക്കൊന്നും കാണാറില്ല. അവിടെ വീട്ടിൽ ജോലിക്ക് പോണ സുശീലേട്ടത്തി പറയുന്നത്‌ കേക്കാം സതിയേടത്തിയുടെ ഫോട്ടോയിലും നോക്കി പുള്ളി അങ്ങനെ ഇരിപ്പാണെന്നു. അതിനു ശേഷം പിന്നെ ഇപ്പോളാണ് അദ്ദേഹം പുറത്തിറങ്ങി ഞാൻ കാണുന്നത്. ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നും പുള്ളിയോട് കുശലാന്വേഷണം നടത്തിയുമൊക്കെ പെട്ടന്ന് സ്ഥലത്ത് എത്തി. 
"മോളെ ഇന്ന് കണ്ടത് എന്തയാലും നന്നായി. അവൾക്ക് മോളെ ഭയങ്കര ഇഷ്ടായിരുന്നു.  നിന്നെപ്പോലെ ഒരു മോളുണ്ടായിരുനെങ്കിൽ എന്ന് ഇടക്കിടെ പറയുമായിരുന്നു,   എന്നാ പിന്നെ മോള് പോയ്‌ പഠിപ്പിച്ചോളൂ ഞാനാ മാനേജറച്ഛനെ പോയെന്ന് കാണട്ടെ. മോൾ ചെയ്തോണ്ടിരിക്കുന്ന നല്ലതൊക്കെ ദൈവം കാണാതിരിക്കില്ല.. നന്നായി വരും.."
ഇതും പറഞ്ഞു അദ്ദേഹം അവിടുത്തെ പ്രധാന കെട്ടിടത്തിലേക്ക് നടന്നുപോകുന്നതും നോക്കി ഞാൻ കുറച്ചു നേരം അവിടെ നിന്നു. അദ്ദേഹം പറഞ്ഞതൊക്കെ മനസ്സിൽ ഇങ്ങനെ ഓർത്തിരുന്നപ്പോളാണ് മാനേജരച്ഛൻ  അങ്ങോട്ട് വന്നത്. കയ്യിൽ ഒരു കത്തും ഏൽപ്പിച്ചു പുഞ്ചിരിയോടെ അദ്ദേഹം പോയി. ആകാംഷയോടെ ഞാൻ കത്തു പൊട്ടിച്ചു. കരുണാലയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സ്കൂളിൽ അധ്യാപിക ആയിട്ടുള്ള ജോലി സ്ഥിരപ്പെടുത്തി എന്നാണ് കത്തിന്റെ ഉള്ളടക്കം. 
"നന്നായി വരും.." ഭാസ്കരന്മാമ്മ പറഞ്ഞതാണ് മനസ്സിൽ വന്നത്. മനസ്സിൽ അങ്ങനെ  സന്തോഷം അലതല്ലുന്നു.. 
ക്ലാസു കഴിഞ്ഞു അമ്മാവനെ തിരക്കിയപ്പോളാണ്  എന്തോ അത്യാവിശ്യം പറഞ്ഞു പെട്ടന്ന് പോയത്രേ.. ജോലി സ്ഥിരപ്പെട്ട കാര്യം ഭാസ്കരന്മാമയോട് പറയണം. ഇന്ന് തിരക്കാവും, ആണ്ടല്ലേ.. നാളയാകട്ടെ.. ആകെ കിട്ടുന്നൊരു അവധി ദിവസാണ്, ന്നാലും സാരില്ല...  മറ്റു പരിപാടികളെല്ലാം മാറ്റി വെച്ച്  അങ്ങോട്ടേക്ക് പോകാമെന്ന് വെച്ചു...  തിരികെ വീട്ടിലേക്ക് പോണ വഴി വെറുതെ അങ്ങോട്ടേക്കൊന്നു നോക്കി. ഭാസ്കരമ്മാമ്മേടെ വീടിന് മുന്നിൽ ആണ്ടിന്റെ സദ്യക്ക്  വന്നവർ ഇതുവരെ പോയില്ലേ?...  ഇനിയിപ്പോ അവിടെ തിരക്കിലായിരിക്കും കാണലും സംസാരവുമൊന്നും ഇന്നിനി നടക്കില്ലെന്നോർത്  തിരികെ നടന്നു..  പോകുന്ന വഴിയ്‌ക്ക് രണ്ടുപേര് നിന്ന് സംസാരിക്കുന്നത് വെറുതെ കാതോർത്തതാണ്..
"..മക്കളും ബന്ധുക്കളും ഒന്നുമില്ലല്ലോ  അതൊണ്ടിപ്പോ ആരേം കാത്തിരിക്കാനും ഇല്ലല്ലോ ഉടനെ തന്നെ അടക്കം കാണും.." 
ആരുടെ കാര്യം ആണെന്ന് മനസിലായില്ല അപ്പോഴാണ് പോസ്റ്റിൽ ഒട്ടിച്ചുവെച്ച ചിത്രം എന്റെ കണ്ണിൽ ഉടക്കിയത്  "പ്രിയ ഭാസ്കരേട്ടന് കണ്ണീരിൽ കുതിർന്ന വിട "  ഒരു നിമിഷം ഞാൻ നിന്ന നില്പിൽ ഭൂമിക്കടിയിലേക് പോയപോലെ തോന്നി.  സ്വബോധം വീണ്ടെടുത്ത് തിരികെ വീട്ടിലേക്കോടി ചെന്ന് കണ്ടത്  സതിയേട്ടത്തിയുടെ അരികിലേക്ക്  ചെന്ന സമാധനത്തിൽ കിടക്കുന്ന ഭാസ്കരൻമ്മാമ്മേടെ ചലനമറ്റ ശരീരമാണ്...   നന്നായി വരുമെന്ന് എന്നെ അനുഗ്രഹിച്ചു പോയപ്പോൾ ഉള്ളപോലെ, ആ  മുഖത്തൊരു പുഞ്ചിരി എനിക്ക്പ്പോഴും കാണാമായിരുന്നു...

Saturday 16 March 2019

ഇനിയും..

പൂത്തുലഞ്ഞു നിൽക്കുന്ന പൂമരവും വാകപെയ്ത വഴിയൊരങ്ങളും പെയ്തൊഴിഞ്ഞ സായാഹ്നങ്ങളും ഇന്നോർമകളുടെ ഇടയിലാണ്..അലതല്ലുന്ന കടലിനോളം ഇരമ്പം മനസ്സിൽ ഉണ്ടായിട്ടും ഒരിക്കൽ പോലും തിരികെ വരണമെന്ന് തോന്നിയിട്ടില്ല ഈ ഇടത്തേക്ക്.. നൊമ്പരങ്ങൾ നൽകുന്ന ഓര്മകളാണെല്ലോ നിന്റെ പേരിനൊപ്പം മനസ്സിൽ പൊന്തി വരുന്നത്. കാലങ്ങളെ സാക്ഷിയാക്കി  നിന്റെ കഴുത്തിൽ അണിയിച്ചു കാണാൻ ഞാൻ ആഗ്രഹിച്ചിരുന്ന താലിയിപ്പോളും പഴയ ആമാട പെട്ടിയിൽ സുരക്ഷിതമായിട്ടുണ്ട്.. നിനക്കുവേണ്ടി കരുതിയ സ്വപ്നങ്ങളും അതിനൊപ്പം ഇരുന്നു വീർപ്പുമുട്ടുന്നുണ്ടാകാം.. ഒരു വാക്ക് പോലും പറയാതെ ഒന്ന് തിരിഞ്ഞു കൂടി നോക്കാതെ മരണത്തിനൊപ്പം നീ യാത്ര പോയില്ലേ.. നിന്നെ കാത്തു ഞാൻ ഉണ്ടെന്ന് ഒന്ന് ഓർക്കുക പോലും ചെയ്യാതെ.. കാലം സാക്ഷിയായത് എന്റെ വിരഹത്തിനല്ലേ.. ഒറ്റപ്പെട്ടു പോയ ഞാനും ഓർമകളും ഒരിക്കൽ കൂടെ വന്നെത്തി നിൽക്കുന്നത് ഒരിക്കലും വന്നു ചേരരുത് എന്നാഗ്രഹിച്ച ഈ ഇടത്തു തന്നെയാണ്.. ഇവിടെ ഈ വാക പെയ്യുമ്പോൾ ഇപ്പോളും എന്റെ കയ്യിൽ കൈ കോർത്തു നടന്ന നിന്നെ എനിക് കാണാം.. നിന്റെ സ്വരമെനിക്ക് കേൾകാം. പെയ്തിറങ്ങുന്ന സന്ധ്യകളിൽ നീ വരുമെന്ന പ്രതീക്ഷയിൽ ഞാൻ ഇപ്പോളും കാത്തിരിക്കാറുണ്ട് കാരണം കഴിഞ്ഞതൊക്കെ ഒരുപക്ഷേ വെറും ദുഃസ്വപ്നം മാത്രമാണെങ്കിലോ..

Wednesday 16 January 2019

യാത്ര

അരവങ്ങളോ ആഘോഷങ്ങളോ ആർപ്പുവിളികളോ ഇല്ലാതെ മരണമെത്തുന്നത് ഞാൻ കാണുന്നുണ്ട്.. പെയ്തു തീർന്ന ദിനരാത്രങ്ങൾ ഒരു ഓർമ പോലും ശേഷിപ്പിക്കാതെ കടന്നു കളയാൻ ശ്രമിക്കുന്നപോലെ.. മരണത്തിന്റെ മുഖം വളരെ ശാന്തമായിരുന്നു..വളരെ സുന്ദരവും. പടർന്നു പന്തലിച്ച ആകാശത്തിന്റെ നിഴലിൽ ഓരോര്മപ്പെടുത്തൽ കൊണ്ടുപോലും ആരെയും വേദനിപ്പിക്കാതിരിക്കാൻ ഞാൻ യാത്രയാവുകയാണ് മരണത്തിനൊപ്പം.. നിന്നെപ്പറ്റിയുള്ള കുറച്ചോർമകളെങ്കിലും ഞാൻ ഒപ്പം കരുതിക്കോട്ടെ ഞാനും പ്രണയിച്ചിരുന്നു എന്ന ഓരോർമാക്കായി..

Wednesday 1 August 2018

മതം

എന്താണ് നിന്റെ മതം? പലരും ചെയ്യുന്ന പോലെ തമ്മിൽ തല്ലാനും ചോര ചിന്താനും കുത്തിതിരിപ്പ് ഉണ്ടാകാനും ഒരു വഴി മാത്രമല്ല മതം ..
#നിന്റെ സമ്മതമാണ്
#നിന്റെ അറിവാണ്
#നിന്റെ അഭിപ്രായങ്ങളാണ്
#നിന്റെ വിശ്വാസവും ഇഷ്ടവും സിദ്ധാന്തവുമാണ്
#ഇങ്ങനൊക്കെ ആണെങ്കിലാണ് ഇത് നിന്റെ ധർമ്മം ആകുക
മതത്തെ അതിന്റെ അർത്ഥത്തിൽ മനസിലാക്കുമ്പഴാണ് നിന്റെ ചിന്ത സ്വതന്ത്രമാകുക അപ്പോഴാണ് ഓരോ മതത്തിലും സ്നേഹം വളരുക.. എല്ലാ മതത്തെയും ഒരു പോലെ കാണാൻ ഉള്ള തുറന്ന കാഴ്ചപ്പാട് ലഭിക്കുക.. എല്ലാറ്റിനുമുപരി നീ നീയാകുക..

Thursday 12 July 2018

ഓർമകളിൽ..

 ഓർമകളുടെ ഭാരം ഏറിയപ്പോളാണ് നിന്റെ എത്ര ഓർമകൾ എന്റെയുള്ളിൽ ഉണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്.. പിന്നീടെപ്പോഴോ ഞാൻ എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ ഒരു ശ്മശാനം പണിതു. നിന്റെ ഓർമകളെ അടക്കം ചെയ്യാൻ വേണ്ടി മാത്രം ഒരു ശവപറമ്പു പണിതു..നിന്റെ ഓർമകളെ ഹൃദയത്തിന്റെ ആ ഒരു കോണിൽ കുഴിവെട്ടി മൂടി..   ഒരിക്കലും പൊന്തി വരാത്ത രീതിയിൽ മതിലുകൾ തീർത്തു.. കഴിഞ്ഞ ആ നാളുകൾക്കിടെയിൽ തകർന്നു തുടങ്ങിയ ആ മതിലുകളെ മറന്ന് തുടങ്ങിയതായിരുന്നു.. വീണ്ടും പക്ഷെ കുഴിച്ചുമൂടിയ നിന്റെ ഓർമകളുടെ ആത്മാക്കൾ ഉയിർത്തെഴുന്നേറ്റു തുടങ്ങിയിരിക്കുന്നു... അടർന്നു തുടങ്ങിയ ഭിത്തികൾ തകർത്തു അവ വീണ്ടും മനസിന്റെ മറ്റു കോണുകളിലേക്കും വ്യാപിച്ചിരിക്കുന്നു..എന്ത് ചെയ്താലാണ് അവയെ ഒഴിവാക്കാൻ ആകുക എന്ന് കുറെ തിരഞ്ഞതാണ്.. ഇപ്പോഴും അറിയില്ല.. ഒരുപക്ഷേ എനിക്കൊപ്പം മാത്രമേ അത് അവസാനിക്കുള്ളായിരിക്കും.. എന്റെ മരണത്തിനൊപ്പം അവ മണ്ണിൽ അലിഞ്ഞു ഇല്ലാണ്ടാകുമായിരിക്കും..

Sunday 3 June 2018

നീ

എഴുതി മടക്കിയ താളുകൾക്കിടയിൽ ആരും കാണാതെ ഒളിപ്പിച്ച നിന്റെ ഓർമകളുണ്ടായിരുന്നു.. പറയാതെ പറഞ്ഞ വാക്കുകൾക്കപ്പുറം പറയാൻ കഴിയാതെപോയ പ്രണയമുണ്ടായിരുന്നു. പെയ്തൊഴിഞ്ഞ മഴക്കപ്പുറം തോരാതെപോയ സ്നേഹമുണ്ടായിരുന്നു. ആർക്കും കൊടുക്കാതെ നിനക്കായി മാത്രം ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു. നിനച്ചിട്ടും നടക്കാതെ പോയ കിനാവുകൾ മാത്രം ഇപ്പോളും പൊടി പിടിചു അവിടെ ഉണ്ടാകും, നിന്നോടുള്ള എന്റെ പ്രണയത്തിന് കാവലായി..

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars