Friday 22 December 2017

അവധി ദിവസം

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉറക്കം ഉണർന്നത്. സാധാരണ അവധി ദിവസങ്ങളിൽ ഫോൺ സൈലന്റ് ആക്കിയിട്ടാണ് കിടക്കാറ്.. അത് മറന്നതിൽ സ്വയം ശപിച്ചുകൊണ്ടാണ് കാൾ അറ്റൻഡ് ചെയ്തത്... നിഷയാണ്. ഭയങ്കര ധൃതിയിൽ ആണ് സംസാരം.
"ഡി, നിന്റെ ബ്ലഡ് ഗ്രൂപ്പ് ഒ-ve അല്ലെ?",
അതെയെന്ന് മറുപടി പറയുന്നതിന് മുന്നേ അവൾ വീണ്ടും സംസാരിച്ചു തുടങ്ങി,
"നീ എത്രയും പെട്ടെന്ന് കയ്യിൽ അത്യാവശ്യത്തിന് പൈസേം എടുത്തു സിറ്റി ഹോസ്പിറ്റലിൽ വാ".
കാര്യം എന്താണെന്ന് തിരക്കുന്നതിനു മുന്നേ കാൾ കട്ടായി....   
കാര്യം അത്യാവശ്യം ഉള്ളതാണെന്ന് വിളി കേട്ടാൽ അറിയാം. പക്ഷെ ആർക്കാണ് അത്യാവശ്യം എന്നൊക്കെ ഒന്ന് പറഞ്ഞു കൂടെയോ. വെറുതെ മനുഷ്യനെ രാവിലെ തീ തീറ്റിക്കാൻ. മനസിൽ അവളെ കുറെ ചീത്തയും വിളിച്ചു റെഡി ആയി ഓടിപിടിച്ചു സിറ്റി ഹോസ്പിറ്റലിൽ എത്തി...   

കാഷ്യുവാലിറ്റിയുടെ മുന്നിലെ മെഡിക്കൽ സ്റ്റോറിൽ നിഷ നില്പുണ്ടായിരുന്നു. ചുരിധാറിലാകെ രക്തക്കറ മുഖത്ത് നല്ല ടെൻഷനും..     
എന്നെ കണ്ടതും മരുന്നിന്റെ പൈസ കൗണ്ടറിൽ വെച്ച് എന്റെ കൈയിൽ പിടിച്ചു കൊണ്ട് ഒട്ടമായിരുന്നു. എന്താ കാര്യം എന്നൊക്കെ ചോദിക്കുന്നതല്ലാതെ ഒന്നിനും മറുപടിയില്ല... ഡോക്ടറുടെ റൂമിലേക്ക് എന്നെയും വലിച്ചുകൊണ്ട് കേറി.
"ഡോക്ടർ, o-ve ബ്ലഡ് ഗ്രൂപ്പ് ഉള്ള ആളെത്തിയിട്ടുണ്ട്. ദേ ഇവളാണ്, എന്റെ കൂട്ടുകാരിയാണ് മൃദുല",
അവൾ അണച്ചുകൊണ്ടു പറഞ്ഞു...   
അസുഖം വല്ലതുമുണ്ടോ, മരുന്ന് കഴിക്കുന്നുണ്ടോ.....വേറെ മദ്യപാനം,പുകവലി വല്ലതും ശീലമുണ്ടോ എന്നൊക്കെ..  പക്ഷെ ആ ചോദ്യം മാത്രം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല  എങ്കിലും ഇല്ല എന്ന രീതിയിൽ തല കുലുക്കി....   
ആ ഡോക്ടറോടും കൂടുതൽ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് തന്നെ നഴ്‌സിനെ വിളിപ്പിച്ചു എന്റെ ബ്ലഡ് പരിശോധിക്കാൻ ഏല്പിച്ചു പുള്ളി വേറെന്തോ അത്യാവശ്യ കാര്യത്തിലേക്ക് നീങ്ങി.  ആദ്യമായി ബ്ലഡ്‌ ഡോണറ്റ് ചെയ്യുന്നതിന്റെ ടെൻഷനും  കുറച്ചൊന്നുമല്ല....

പരിശോധന എല്ലാം കഴിഞ്ഞു നേഴ്സ് ബ്ലഡ് എടുത്തുകഴിഞ്ഞു എന്നോട് പറഞ്ഞു....
"ചെറിയൊരു തലകറക്കം കാണും കേട്ടോ.. 5മിനിറ്റ് കിടന്നിട്ടു  പോയാ മതി " എന്നും പറഞ്ഞു ഒരു ഫ്രൂട്ടി കയ്യിൽ വെച്ചു തന്നു... പക്ഷെ മനസ്സിൽ ഉത്തരമറിയാത്ത  കുറേ ചോദ്യങ്ങൾ ഉള്ളതിനാൽ പെട്ടന്നു തന്നെ  റൂമിനു വെളിയിൽ ഇറങ്ങി...നിഷയെ തിരക്കി... അവൾ അപ്പുറതുണ്ടായിരുന്നു... അവളുടെ കയ്യിൽ 3-4 വയസ്സ് പ്രായം ഉള്ള ഒരു പെണ്കുഞ്ഞും. ഞാൻ അവളുടെ അടുത്തേക് ചെന്നു.
"ആർക്കാ ഞാൻ ബ്ലഡ് കൊടുത്തത്?കാര്യം എന്തുവാ? ഈ കുഞ്ഞു ഏതാ? നിന്റെ ആരേലും ആണോ? എന്തു പറ്റിയതാ?"
ഞാൻ ഒറ്റ ശ്വാസത്തിൽ ഒരുപാട് നേരെത്തെ എന്റെ സംശയം മുഴുവനും അവളുടെ മുന്നിൽ തുറന്നിട്ടു....അവൾ പറഞ്ഞു തുടങ്ങി,
"രാവിലെ അമ്പലത്തിൽ പോകാൻ ഇറങ്ങിയതാ ഞാൻ. വഴിയിൽ ആൾക്കൂട്ടം കണ്ടപ്പോൾ വെറുതെ കാര്യം അന്വേഷിക്കാൻ ചെന്നതാ, അവിടെ നിന്ന ഒരു ചേച്ചിയാ കാര്യം പറഞ്ഞത്. കുഞ്ഞു റോഡിലേക്ക് ഓടിയപ്പോ പിടിച്ചു മാറ്റാൻ ചെന്നതാ. കുഞ്ഞിന്റെ അമ്മെയെ ഒരു വാൻ തട്ടിയിട്ട് നിർത്താതെ പോയി. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആരൊക്കെയോ ആംബുലൻസ് വിളിച്ചിട്ട് അതെത്തിയിട്ടുമില്ല. ആർക്കും കേറി ഏൽക്കാൻ വയ്യത്തോണ്ട് റോഡിൽ കിടക്കുവാ. ആ കൊച്ചാണെങ്കിൽ ഭയങ്കര കരച്ചിൽ. കുറെ പേരൊക്കെ സൈഡിൽ നിന്ന് ഫോണിൽ വീഡിയോയും ഫോട്ടോയും ഒക്കെ എടുക്കുന്നുണ്ട്. ആർക്കും പക്ഷേ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വയ്യ."  
ഒന്നു ശ്വാസമെടുത്തിട്ട് അവൾ തുടർന്നു,

"കണ്ടപ്പോ എനിക് ഒട്ടും സഹിക്കാൻ പറ്റിയില്ലെടെ... ഈ കുഞ്ഞാണെങ്കിൽ നിർത്താതെ കരച്ചിലും. ആംബുലൻസ് വരാൻ താമസിച്ചല്ലോ... ആരേലും ഒന്ന് ഈ ചേച്ചിയെ പിടിക്ക് നമുക്ക് വേറെ വല്ല വണ്ടിയിലും ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറഞ്ഞപ്പോ അവിടെ നിന്ന ഒരുത്തൻ പറയുവാ.' "കൊച്ചേ ആക്‌സിഡന്റ് കേസാ   എന്തിനാ വെറുതെ വയ്യാവേലി എടുത്തു തലേൽ വെക്കുന്നെ",എന്ന്  
'നാളെ ചേട്ടന്റെ ഭാര്യയോ മോളോ ഈ കിടപ്പു കിടന്നാലോ എന്നും ചോദിച്ചു ഞാൻ കുറേ ദേഷ്യപ്പെട്ടു. ഒടുവിൽ ഒരു ഓട്ടോക്കാരൻ സഹായിക്കാമെന്ന് ഏറ്റു. അങ്ങനെയാ ഇവിടെ എത്തിച്ചത്. കുഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയി. ഇവിടെ വന്നപ്പോൾ പറഞ്ഞു ക്രിട്ടിക്കൽ ആണ് ഓപ്പറേഷൻ വേണം , അതോണ്ട് ബ്ലഡ് വേണ്ടിവരുമെന്ന്. റയേർ ബ്ലഡ് ഗ്രൂപ്പ് ആയത് കൊണ്ട് ബ്ലഡ് ബാങ്കിൽ കാണില്ല അതുകൊണ്ട് എത്രെയും പെട്ടെന്ന് ഡോണർസിനെ കണ്ടുപിടിക്കാൻ പറഞ്ഞു ഡോക്ടർ, അതാ രാവിലെ നിന്നെ വിളിച്ചു വരുത്തിയെ."
പറഞ്ഞു നിർത്തിയപ്പോൾക്കും അവളുടെ കണ്ണ് നിറഞ്ഞു നിൽക്കുന്നു. എനിക് എന്ത് പറയണം എന്ന് അറിയാതെ ആയിപ്പോയി. പക്ഷെ എന്തോ മനസിൽ അവളോട് ഒരു ബഹുമാനം  തോന്നി. അവളുടെ അരുമല്ലാഞ്ഞിട്ടുകൂടി സഹായിക്കാൻ തോന്നിയില്ലേ...  കുഞ്ഞപ്പോളേക്കും ഉണർന്ന് വീണ്ടും കരച്ചിൽ തുടങ്ങി. പാവം ഒരുപാട് പേടിച്ചു കാണും....അവൾ കുഞ്ഞിനെ എടുത്തുകൊണ്ട് നടന്നു... 

ഒരു അരമണിക്കൂർ കഴിഞ്ഞുകാണും ആ ചേച്ചിടെ വീട്ടുകാരെത്തി...
"നിന്റെ ബ്ലഡ്‌ എടുത്തുകൊണ്ടിരുന്നപ്പോൾ  പോലീസ് വന്നിരുന്നു അവരറിയിച്ചതാകും"
ബന്ധുക്കളെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. ഡോക്ടറോടും മറ്റും സംസാരിച്ച ശേഷം ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങളാണ്  ഹോസ്പിറ്റലിൽകൊണ്ടുവന്നതെന്നും ബ്ലഡ്‌ കൊടുത്തതെന്നുമൊക്കെ ഡോക്ടർ പറഞ്ഞ്  അവരറിഞ്ഞിരുന്നു. അച്ഛനെക്കണ്ടതോടെ വാവ കരച്ചിൽ നിർത്തി അവളുടെ അച്ഛന്റെ നേരെ  ചാഞ്ഞു.
"കൃത്യസമയത്തു കൊണ്ടുവന്നു രക്തം ഒകെ കിട്ടിയതുകൊണ്ടാ ഓപ്പറേഷൻ നടന്നത്, ഇല്ലെങ്കിൽ മോൾക്ക്‌ അവളുടെ അമ്മയെ ഇനി കാണാൻ ഒക്കില്ലാരുന്നു എന്നാ  ഡോക്ടർ പറഞ്ഞത്",
ഇടറിയ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
"നന്ദിയുണ്ട് ഒരുപാട്......",
അത് പറഞ്ഞപ്പോ ആ മനുഷ്യന്റെ കണ്ണു നിറയുന്നത് ഞാൻ കണ്ടു....
ഒരു ജീവൻ രക്ഷിക്കാൻ ഞാനും നിമിത്തമായല്ലോ എന്ന സംതൃപ്തിയിൽ വാവയുടെ കവിളിൽ ഒരു ഉമ്മയും നൽകി അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.....
ഹോസ്പിറ്റലിന്റെ വാതിൽ കടന്ന് പുറത്തേക്കിറങ്ങിയപ്പോൾ അറിയാതെ ആഗ്രഹിച്ചുപോയി...
പണ്ട് അച്ഛനെ വണ്ടി ഇടിച്ചു കിടന്നപ്പോൾ ആരെങ്കിലും ഒന്ന് ഹോസ്പിറ്റലിൽ ആക്കിയിരുന്നെകിൽ എന്ന്......

Monday 23 October 2017

ഓർമകളിലേക്ക്

"മോളിവിടെ ആരുടെയെങ്കിലും വീടന്വേഷിച്ചു നിക്കയാണോ?" ഓർമകളിൽ നിന്നുണർത്തിയത് ആ ചോദ്യം ആയിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ പ്രായമായ ഒരു സ്ത്രീ എന്നെ സംശയത്തോടെ നോക്കി നിൽക്കുന്നു. "ഇവിടെ ഈ വാസന്തി ടീച്ചറിന്റെ വീടേതാ?" ചോദ്യം അവരെ അത്ഭുദപ്പെടുത്തിയപോലെ.
"മോൾക് എങ്ങനാ എന്നെ പരിചയം?" ഇത്തവണ അത്ഭുദപ്പെട്ടത് ഞാൻ ആയിരുന്നു.
കാലം ഒരുപാട് പുറകോട്ട് പോയപോലെ. കൊച്ചു ഗ്രാമത്തിൽ നിന്ന് സിറ്റിയിലെ വൻകെട്ടിടങ്ങൾക്കിടയിലേക്ക് പറിച്ചുനടുമ്പോൾ ഒരുപാട് ഓർമകളെ കൂടെകൂട്ടാനുമാത്രം പ്രായമില്ലാരുന്നു എനിക്ക്. പഠിച്ചതും വളർന്നതും നഗരത്തിൽ ആയിരുന്നു എങ്കിലും,മനസിൽ നിറയെ അമ്മ പറഞ്ഞു തന്നിട്ടുള്ള സ്വന്തം നാടിനെ പറ്റിയുള്ള സങ്കല്പങ്ങൾ ആയിരുന്നു.
ഒരുപാട് ദൂരത്തോളം പടർന്നുകിടക്കുന്ന പാടങ്ങളും കൃഷിസ്ഥലങ്ങളും ,ഒരുപാട് നല്ല ആളുകളുമുള്ള എന്റെ ഗ്രാമം. മുത്തശിയുടെ മരണശേഷം ഉള്ളതെല്ലാം വിറ്റുപെറുക്കി അച്ഛൻ ഞങ്ങളേയും കൂട്ടി നഗരത്തിലേക്ക് മാറി. പക്ഷെ അമ്മയുടെ ഓർമകളിലൂടെ ഞാൻ സ്ഥിരമായി കാണാറുണ്ടായിരുന്നു എന്റെ വീടും നാടും കൂട്ടുകാരെയുമെല്ലാം.
പടർന്നുകിടന്ന നാലുകെട്ടും മുറ്റത്ത് തലയുയർത്തി നിൽക്കുന്ന തേൻമാവും നടന്നാലും തീരാത്ത പാടവരമ്പും എല്ലാറ്റിനുമുപരി എന്റെ കളികൂട്ടുകാരിയും.
അമ്മയുടെ ഒപ്പം ജോലി ചെയ്തിരുന്ന വാസന്തി ടീച്ചറുടെ മോളാണ്. നിള. എന്റെ സമപ്രായം കൂടാതെ അയൽകാരിയും.
പലപ്പോഴും തിരികെ വരണമെന്ന് മനസ് കൊതിച്ചിട്ടുണ്ടെങ്കിലും അച്ഛന്റെ ജോലിത്തിരക്കും, എന്റെ പഠനവും എലാം കൂടെ ഒന്നിനും സമയം ഇല്ലാണ്ടാക്കി. മനസ്സിൽ അമ്മ വളർത്തി തന്ന ഓർമകളാണ് എന്നെ എഴുത്തിലേക്ക് വഴിതിരിച്ചു വിട്ടത്.
ആദ്യം ഒക്കെ ഒരുപാട് എതിർപ്പുണ്ടായിരുന്നു. പഠിപ് ഉള്ള കുട്ടി അല്ലെ, നല്ല ജോലി വല്ലതും നോക്കികൂടെ, എഴുത്തിന്റെ പുറകെ പോയി സമയം കളയണോയെന്നു. അമ്മ ആയിരുന്നു സപ്പോർട്ട്.
ആദ്യ പുസ്തകം വിജയമായതോടെ എല്ലാരുടെയും വായടഞ്ഞു. അപ്പോളും നാട് കാണണമെന്ന് ഉള്ള ആഗ്രഹം മാത്രം മിച്ചമായി. അങ്ങനെ ആണ് ഇവിടെ എത്തിയത്. അമ്മ പറഞ്ഞു കേട്ടതിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു. ഒരുപാട് പുതിയ വീടുകളും മാറിയ ചുറ്റുപാടുമൊക്കെ. ആകെ പരിചയം ഒരു പേര് മാത്രമാണ്. വാസന്തി ടീച്ചർ.
കണ്മുന്നിൽ നിൽക്കുന്ന ആളാണ് അമ്മയുടെ പ്രിയകൂട്ടുകരിയെന്നു വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നി. ഒരുപാട് പ്രായമായ ആരെയോപോലെ.
എന്നെ അറിയാത്തതു കൊണ്ടുതന്നെ ഔപചാരികമായി ഒരു പരിചയപ്പെടുത്തൽ വേണമല്ലോ.
"ഞാൻ ഇവിടെ പണ്ട് വില്ലേജ് ഓഫീസർ ആയിരുന്ന മുരളീടെ മോളാണ്",
"ശ്രീദേവി ടീച്ചേർടെയോ? മീരമോളാണോ." ആശ്ചര്യപ്പെട്ടത് ഞാൻ ആണോ അവരാണോയെന്നു കൃത്യമായി മനസിലായില്ലെങ്കിൽ കൂടി ഒരു കാര്യം ബോധ്യപ്പെട്ടു. അമ്മയെ പോലെ ഇപ്പോളും ഇവരും ഓർത്തിരിക്കുന്നുണ്ട് ഒരുപാട് കാര്യങ്ങൾ.
നീണ്ടുനിന്ന സംഭാഷണങ്ങൾ മുഴുവൻ ഓർമകളിലൂടെ ഒരു തിരനോട്ടമായിരുന്നു. നിളയെ കാണാൻ ഒരുപാട് കൊതിച്ചെങ്കിലും കല്യാണം കഴിഞ്ഞു ദൂരെ ആണ് താമസം എന്നു അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. ഒടുവിൽ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ടീച്ചേർടെ കണ്ണു നിറഞ്ഞ് ഇരിക്കുന്നു. "മോൾ ഞങ്ങളെയൊക്കെ ഓർക്കുവെന്നു ഒന്നും വിചാരിച്ചെതെയില്ല. വന്നു കാണാൻ തോന്നിയല്ലോ. ഒരിക്കൽ ശ്രീദേവിയെയും കൂട്ടി വരണം മോൾ."
മനസ്സു നിറഞ്ഞു തിരികെ പോകുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ബസ്സിൽ ഇരുന്ന്  ഓര്മകൾക്കിടയിലെപ്പോഴോ ഞാൻ ഉറകത്തിലേക് വഴുതിവീണു. മഴയപ്പോൾ എനിക് ചുറ്റും നൃത്തം വെയ്കുന്നുണ്ടായിരുന്നു..

Tuesday 17 October 2017

പറയാതെ..

പലപ്പോഴും പറയണമെന്ന് തോന്നിയിട്ടും പറയാതെ പോയൊരു ഇഷ്ടം ഉള്ളിലുണ്ട്. കണ്ണുകളിൽ കൗതുകം നിറച്ച് നിറപുഞ്ചിരിയുമായി എന്നും എനിക്കൊരു അത്ഭുതമായിരുന്നു ലിപി. ലിപി എന്ന പേരിൽ തന്നെയാണ് ആദ്യം മനസുടക്കിയത്. വ്യത്യസ്തമായ പേര്. ആദ്യകാഴ്ചയിൽ തന്നെ മനസ്സിൽ മുഖവും പതിഞ്ഞു. ഐശ്വര്യമുള്ള കുട്ടി, ഒന്നേ കണ്ടിട്ടൊള്ളൂയെങ്കിലും അമ്മയുടെ സർട്ടിഫിക്കറ്റ്.പിന്നാലെ നടക്കാൻ മനസ്സ് വെമ്പിയിട്ടുണ്ടെങ്കിലും സ്വയം തടഞ്ഞു. ഇപ്പോൾ ഒന്നുവില്ലെങ്കിലും കാണുമ്പോൾ സംസാരിക്കുന്നുണ്ടല്ലോ. എങ്ങനെ പ്രതികരിക്കും എന്നറിയാതെ എങ്ങനെ പോയി പറയും എന്റെ ഇഷ്ടം.വെറുതെ സംസാരിക്കുന്നതിനിടയിൽ ചോദിച്ചിട്ടുണ്ട് പലവട്ടം പ്രണയിച്ചിട്ടുണ്ടോയെന്നു. തമാശ പോലെ.ഇല്ലായെന്ന മറുപടി ചില്ലറ ആശ്വാസം ഒന്നുമല്ല തന്നിട്ടുള്ളത്. ഞങ്ങളുടെ സൗഹൃദം വളരുന്നുണ്ടായിരുനെങ്കിൽ പോലും ഒരിക്കലും എന്റെ മനസ്സിൽ അവളോട് ഒരു പ്രണയം ഉണ്ടെന്ന് മാത്രം അവളറിഞ്ഞിരുന്നില്ല. ഞാനോട്ട് പറയാനും ശ്രമിച്ചില്ല.പേടിയായിരുന്നു പറയാൻ. നഷ്ടപ്പെട്ടുപോകുമോയെന്ന പേടി..

Wednesday 30 August 2017

നിനക്കായി

പറയാൻ ബാക്കി വെച്ച വാക്കുകളിൽ എവിടെയോ നിന്നോടുള്ള പ്രണയം ഉണ്ടായിരുന്നു. നിറഞ്ഞ മിഴികളുമായി നീ നടന്നകലുമ്പോൾ ഒരിക്കലും ഒരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ മനസ്സിൽ എവിടെയോ നിറഞ്ഞു തൂകുന്ന നിന്റെ കൂർത്ത കണ്ണുകൾ ഉടക്കി നിൽപ്പുണ്ടായിരുന്നു. കണ്ടുപരിചിതമല്ലാത്ത മുഖങ്ങൾക്കിടെയിൽ എല്ലാം നിന്നെയാണ് ഞാൻ തേടിയിരുന്നത് എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും നീ ഒരുപാട് അകലെയായിരുന്നു. കണ്ടെത്താവുന്നതിനും അകലെ. ഒരുമിച്ച് നിറം പകർന്ന ഒട്ടനേകം സ്വപ്നങ്ങളെ വിട്ടുകളഞ്ഞു നീ അകന്നു പോയത് എവിടെയാകുമെന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നിനക്കായി കരുതിയ കുറെയധികം സമ്മാനങ്ങൾ ഇപ്പോളും എന്റെ പക്കലുണ്ട്. പക്ഷെ ഇപ്പോഴതിന്‌ എന്റെ ഓർമകളുടെ മൂല്യമുണ്ട്.., ഒരിക്കലും പറയാതെ നിന്നെ എന്നിൽ നിന്നകറ്റിയ നിന്റെ ജീവന്റെ വിലയുണ്ട്...

Tuesday 29 August 2017

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായിരുന്നല്ലോ അന്ന്. ഇന്നീ വഴിയോരങ്ങളിൽ ഒട്ടനേകം ഇണകളെ കാണുമ്പോളും മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രം എല്ലാരുടെയും കണ്ണുവെട്ടിച്ചു ഈ ഗുൽമോഹർ വൃക്ഷത്തിനു പിന്നിൽ എനിക്കായി കാത്തുനിൽക്കുന്ന നിന്നെയാണ്. ആരുടെയും കണ്ണിൽ പെടാതെ ഒളിവിൽ നിന്ന് കുറച്ചു നേരം നിന്നോട് ഒന്ന് സംസാരിക്കാൻ ഞാൻ എന്ത് പ്രയാസപ്പെട്ടിരുന്നുവെന്നു നീ ഓർക്കുന്നുണ്ടാകുമല്ലോ. ഉള്ളിലെ പ്രണയവും മനസ്സിലെ ഭീതിയും ദ്വന്ദ യുദ്ധത്തിൽ ഏർപെട്ടപ്പോൾ എല്ലാം നിന്നോടുള്ള പ്രണയമാണ്‌ വിജയം നേടിയത്. അതുകൊണ്ട് തന്നെയല്ലേ ഇത്രെയും കാലത്തിനിപ്പുറവും ഈ ഗുൽമോഹർ ചുവട്ടിൽ നിന്നെയും ചേർത്ത് പിടിച്ചു എനിക് നിൽക്കാൻ സാധിക്കുന്നത്. പ്രണയം ഇനിയും ഒട്ടനേകം ഉണ്ടാകുമായിരിക്കും അവയെല്ലാം കണ്ടുകൊണ്ട് പെയ്തുവീണ ഗുൽമോഹർ പുഷ്പങ്ങൾ വഴിനീളെ മായങ്ങികിടക്കുന്നുണ്ട്...

Friday 5 May 2017

ജീവിതത്തിനും മരണത്തിനുമിടയിൽ

കണ്ണുതുറന്നത് ഇരുട്ടിലേക്കാരുന്നു. ഇരുട്ടെന്നുവെച്ച കൂരിരുട്ട്.. വെളിച്ചത്തിന്റെ തരിമ്പ്പോലുമില്ല. ഒറ്റക്കു വല്ലാണ്ട് പേടി തോന്നിയെനിക്. നിക്കുന്ന ഭൂമി പോലും കാണാനില്ല.അനങ്ങാൻ തന്നെ പേടിയാകും എങ്ങാനും വീണുപോയലോ എന്നുള്ള പേടി. അടുത്ത ചുവടുവെയ്കാൻ പോലും ധൈര്യം വന്നില്ല. അടുത്ത ചുവടു നിലത്തുറപ്പിക്കാൻ അവിടെ ഭൂമിയില്ലെങ്കിലോ.
എവിടുന്നൊക്കെയോ ശബ്ദങ്ങൾ കേൾകാം. എവിടുനെന്ന നിശ്ചയമില്ല.
പതിയെ പതിയെ ഇരുളും വെളിച്ചമാകാൻ തുടങ്ങി. വ്യക്തതയില്ലെങ്കിലും ചുറ്റുമുള്ളത് തിരിച്ചറിയാമെന്നായി. അപ്പോളാണ് ശ്രദ്ധിച്ചത് ഞാൻ ഒരു നീണ്ട ഇടനാഴിയിൽ ആണെന്ന്. മുന്നിൽ ഒരു വാതിൽ കണ്ടു പിന്നിലേക്ക് തിരിഞ്ഞപ്പോൾ അവിടെയുമുണ്ട് ഒരെണ്ണം. ആദ്യം കണ്ട വാതിലിനടുത്തെത്തി. ഒന്നു തുറക്കാൻ ഒരു പിടി പോലുമില്ല. പതിയെ കാതോർത്തു. കനത്ത നിശബ്ദത മാത്രം.
അതുവരെ കേട്ട ശബ്ദത്തിന്റെ സ്രോതസ് അവിടെ അല്ലാ എന്ന് മനസിലായി. പതിയെ എതിർവശത്തെ വാതിലിനുനേരെ നീങ്ങി. അതേ ശബ്ദം അവിടുന്ന് തന്നെയാണ്. ഉറക്കെ വിളിച്ചുനോക്കി ബഹളംവെച്ചുനോക്കി. ആരെങ്കിലും ആ വാതിൽ തുറന്ന് പുറത്തു കടക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ കുറെ നോക്കി എല്ലാം വിഫലമായി.എത്ര സമയം ആ ഇടനാഴിയിൽ ചിലവിട്ടുവെന്നറിയില്ല. പതിയെ ഇടനാഴിയിലൂടെ നടക്കുവാൻ തുടങ്ങി. വേറെ ഏതെങ്കിലും വാതിലുകളുണ്ടെങ്കിലോ. പുറത്തുകടകാമല്ലോ. കുറെ നടന്നു കഴിഞ്ഞപ്പോൾ കണ്ടു പിന്നെയും രണ്ടു വാതിലുകൾ. പൂട്ടിയിരികയാണ്. ഏറെ നേരം നടന്ന ശേഷമാണ് മനസിലായത് ഞാൻ വീണ്ടും വീണ്ടും നടന്നു ഒരേ സ്ഥലതുതന്നെയാണ് എത്തിച്ചേരുന്നെതെന്ന്.
കാഴ്ചകൾക്ക് പിന്നെയും വ്യക്തത കൈവന്നു. അപ്പോളാണ്  വാതിലിനു മുകളിലെ കൈയെഴുത്ത് കാണുന്നത്. നിശബ്ദ വാതിലിനു മേലെ "മരണം" എന്നും ശബ്ദ മുഖരിതമായ വാതിലിനു മീതെ "ജീവിതം" എന്നും.
ആരോ തമാശ കാണിച്ചതുപോലെയാണ് തോന്നിയത്. ഒരിടാനാഴിയിൽ അടച്ചിട്ടിട്ട് മുകളിൽ രണ്ടു ഫലകങ്ങൾ വെച്ചിരിക്കുന്നു.
പ്രതീക്ഷയുടെ പുറത്തു പിന്നെയും ഇടനാഴിയിലൂടെ നടക്കുവാൻ തുടങ്ങി. പെട്ടെന്ന് ശബ്ദങ്ങൾക് മൂർച്ചയേറിയതുപോലെ. തിരിഞ്ഞു നോക്കി. ദൂരെ 2 വാതിലുകളിൽ ഒന്ന് തുറന്ന് ഒരാൾ അകത്തേക്ക് പ്രവേശിക്കുന്നു. ഞാൻ ഉറക്കെ വിളിച്ചുകൊണ്ട് അങ്ങോട്ടെക് ഓടി. അയാൾ പക്ഷെ എന്റെ വിളി കേൾക്കുന്നമട്ടില്ല. ഓടിയിട്ടും ഓടിയിട്ടും ഇടനാഴി അവസാനിക്കാത്ത പോലെ. ഒരുവിധം ഓടിയെത്തിയപ്പോഴേക്കും ജീവിതത്തിന്റെ വാതിൽ അടഞ്ഞുപോയിരുന്നു. ഒന്ന് തിരിഞ്ഞ നിമിഷത്തിൽ അയാൾ കയറി മരണത്തിന്റെ വാതിലും അടഞ്ഞു. ഇടനാഴിയിൽ വീണ്ടും ഇരുൾ നിറഞ്ഞു.. കരഞ്ഞുതളർന്നു ഉറങ്ങിപ്പോയി ഞാൻ.. എപ്പോളോ പെയ്ക്കിനാവു കണ്ടു ഞെട്ടിയെഴുന്നേറ്റു ചുറ്റും നോക്കി. സ്വപ്നമായിരുന്നുവോ എല്ലാം..? ഒന്ന് ശെരിക് നോക്കിയപ്പോൾ മനസ്സിലായി... സ്വപ്നമല്ല.. എനിക് ഇരുവശവും തുറകനാകാത്ത 2 വാതിലുകൾ ഇപോളുമുണ്ട്.. ജീവിതവും മരണവും...

Thursday 16 March 2017

മഴയോർമ്മകൾ

പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പും പേറി ചാറിക്കൊണ്ടിരിക്കുന്ന നീർത്തുള്ളികളെ പാടെ അവഗണിച്ചു കുടയുടെ തണലിൽ വഴിയുടെ ഓരം ചേർന്ന് നടക്കുമ്പോൾ ഓർമ്മകളായിരുന്നു നിറയെ.. മഴയോർമ്മകൾ. കാലങ്ങൾ മാസങ്ങളും വർഷങ്ങളും പിന്നിലേക്ക് ഓടിമാറി ഓർമ്മകളുടെ ഒരു വസന്തം മുന്നിൽ തീർത്തുകൊണ്ടു പുഞ്ചിരി തൂകി നിൽക്കുന്നു. നനഞ്ഞുതീർത്ത ഒരുപാട് മഴകളിന്ന് മധുമുള്ള സ്വപ്‌നങ്ങൾ പോലെ ഓർത്തെടുക്കുമ്പോൾ മഴയോട് തോന്നുന്ന കടുത്ത പ്രണയത്തിന് ഒരു കുന്നോളം കൂടുതലുണ്ടാവുകയാണ്. പറഞ്ഞാൽ തീരാത്ത കുറുമ്പുകളും കുരുത്തകേടുകളും നിറഞ്ഞ ബാല്യവും, മഴയെ പ്രണയിച്ചുതുടങ്ങിയ കൗമാരവും, മഴയോട് ചേർന്ന് ജീവിതത്തെ വേറിട്ടൊരു കാഴ്ചപാടോടു കണ്ടുതുടങ്ങിയ യൗവനവും... എത്രകാലം കടന്നു പോയിരിക്കുന്നു.. പക്ഷെ ഇന്നുകൂടി എനിക്കുചുറ്റും പെയ്‌തുതോർന്നമഴ ഇപ്പോഴും പഴയതുപോലെതന്നെ, ഇടിമിന്നലിന്റെ അകമ്പടിയോടെ കാർമേഘം വറ്റുന്ന വരെ.. മാറിയത് ഒരുപക്ഷെ ഞാനായിരിക്കാം.. പക്ഷെ ഒരിക്കലും മഴയോടുള്ള എന്റെ പ്രണയമല്ല...

Sunday 12 March 2017

ഓർമ്മകൾ

മുന്നിലേക്ക് സഞ്ചരിക്കുന്ന സമയത്തിൽ പിന്നിൽ നിന്ന് വാരിക്കൂട്ടിയ ഒരായിരം ഓർമ്മകൾ നമ്മുടെ നെഞ്ചിനുള്ളിൽ എക്കാലവും ഉണ്ടാകുമല്ലേ

Friday 10 March 2017

മരണം

മരണം
ജീവിതം നമ്മളെ അനാഥമാക്കുന്ന വരെ നാം തിരിച്ചറിയാത്ത നമുക്കൊപ്പം നിശ്ശബ്ദം സഞ്ചരിക്കുന്ന സുഹൃത്ത്

Sunday 1 January 2017

പുനർജ്ജനി

കൊഴിഞ്ഞു പോയ ദിനങ്ങളുടെയും കഴിഞ്ഞുപോയ കാലത്തിന്റെയും കണക്കെടുപ്പ് നടത്താൻ ഒരു പുതുവത്സരം കൂടി ഇതാ വന്നു ചേർന്നിരിക്കുന്നു..
നഷ്ടപ്പെടുത്തിയ സ്വപ്നങ്ങളുടെയും നടക്കാതെ പോയ ആഗ്രഹങ്ങളുടെയും മാത്രം കണക്കെടുപ്പ് നടത്തിയാൽ പോരല്ലോ..
  നമ്മിലേക്ക് വന്നു ചേർന്ന നല്ല നിമിഷങ്ങളെയും കിട്ടിയ സൗഭാഗ്യങ്ങളെയും കൂടി നാം സ്മരിക്കേണ്ടേ..
  2016 ഒരു വർഷമെന്നതിലുപരി ഒരു അനുഭവമായിരുന്നു ഏവർക്കും..ഒരുപാട് പാഠങ്ങളും ഒട്ടനവധി ജീവിതനുഭവങ്ങളും കൈവന്ന ഒരു വർഷം..
  "പുനർജ്ജനി" എന്ന നാമധേയത്തിൽ എനിക്ക് കിട്ടിയ ഒരു അനുഭവം ഞാൻ പങ്കുവെച്ചുകൊള്ളട്ടെ..
  നാഷണൽ സർവീസ് സ്കീം ന്റെ ഭാഗമായി ജില്ലയിലുള്ള ഗവണ്മെന്റ് ആശുപത്രികളെ പുനഃരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഗവണ്മെന്റ് , N.S.S അഥവാ നാഷണൽ സർവീസ് സ്കീം ഇനെ ഏൽപ്പിച്ച  ഒരു ദൗത്യം ആയിരുന്നു പുനർജ്ജനി.
  പ്രൊഫഷണൽ കോളേജുകളിലെ NSS വോളന്റീർസ് നെ ഉൾപ്പെടുത്തി നടത്തിയ പ്രൊജക്റ്റ് കൂടി ആയിരുന്നു പുനർജ്ജനി. കാലാകാലങ്ങളായി ആശുപത്രിയിൽ ഉള്ള ഉപയോഗശൂന്യമായിക്കിടക്കുന്ന ഒട്ടനവധി സാധാനസമഗ്രികൾക്ക് പുതുജീവൻ നൽകി  അവയെ പ്രവർത്തനക്ഷമം ആകുക എന്നതായിരുന്നു ലക്ഷ്യം.
N S S ന്റെ സപ്തദിന ക്യാമ്പിലെ ഞങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തവും പുനർജ്ജനി തന്നെ ആയിരുന്നു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഞങ്ങളുടെ 5 ദിവസം മറക്കാനാകാത്ത ഒരു അനുഭവം തന്നെ ആയിരുന്നു. 87 വോളന്റിയേഴ്സിനൊപ്പം 2 പ്രോഗ്രാം ഓഫീസർസും പിന്നെ ഈ 87 കുട്ടികളെയും സ്വന്തമെന്നപോലെ കരുതി ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന 2 ടീച്ചേഴ്സും.
   ഒരു ജില്ലാ ആശുപത്രിയുടെ സകല പരിമിതികൾ ഉണ്ടായിട്ടും അവിടെ ഞങ്ങളോട് സഹകരിച്ച ആശുപത്രി അധികൃതരെയും അവിടെയുണ്ടായിരുന്ന രോഗികളെയും മറക്കാൻ കഴിയില്ല. കാരണം സ്വന്തമെന്നു കരുതിത്തന്നെയായിരുന്നു അവർ ഞങ്ങൾക്കു വേണ്ടി ചെയ്തതെല്ലാം.
  പരസ്പരം അധികം പരിജയമോ ഒന്നും ഇല്ലാത്ത 87 പേർ ഒരുമിച്ച് കൂടിയപ്പോൾ ആദ്യം ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും പരിചയപ്പെട്ടു ജോലി തുടങ്ങിയ ശേഷം അങ്ങനെ ഒന്നും തന്നെ പിന്നീടങ്ങോട്ട് തോന്നിയിട്ടില്ല എന്ന് ആത്മാർഥമായി പറഞ്ഞുകൊള്ളട്ടെ. ഇന്ന് ഇപ്പോ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചെന്നാൽ ഈ 87 പേരുടെയും അധ്വാനം എന്തായിരുന്നു എന്ന് കാണാൻ സാധിക്കും.
   5 ദിവസം കൊണ്ട് ഇങ്ങനെ ഒരു വലിയ മാറ്റം സാധ്യമാകുമെന്ന് ഏറ്റെടുത്ത ഞങ്ങളുടെ പ്രോഗ്രാം ഓഫിസർസോ ഞങ്ങളോ കരുതിയിരുന്നില്ല. പക്ഷെ എല്ലാവരുടെയും അധ്വാനവും ആത്മാർത്ഥതയും ഫലം കണ്ടു എന്നതാണ് സത്യം. Not me but you എന്ന NSS ആപ്തവാക്യം പോലെ മറ്റുള്ളവർക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ സാധിച്ചതിൽ അഭിമാനികുന്നവരാണ് ഇന്ന് ഞാൻ ഉൾപെടെയുള്ള വളണ്ടിയേഴ്‌സ്.
കേരളത്തിന്റെ എല്ല ജില്ലകളിലുമായി നടന്ന ഈ പുനർജ്ജനി എന്ന ദൗത്യം ആശുപത്രികൾക്ക് മാത്രമല്ല ഒട്ടനവധി ആൾക്കാരുടെ കാഴ്ചപ്പാടുകൾക്കും വേറിട്ട ഒരു ജീവൻ നൽകി എന്നോർക്കുമ്പോൾ സന്തോഷമില്ലാതെയില്ല.
  ഇതുപോലെയുള്ള പുതിയ പ്രോജെക്ടുകൾ ഇനിയും ഉണ്ടാകട്ടെ.. ഒട്ടനേകം സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുമെന്നും മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയുമ്പോൾ ആത്മസംതൃപ്തി ലഭിക്കുമെന്നും കാട്ടിത്തന്ന ഒരു സപ്തദിന ക്യാമ്പ്. ഒരുമിച്ചു നിന്നാൽ എന്തും സാധ്യമാകും എന്ന മനസിലാക്കി തന്നു. നിരവധി ഓർമ്മകൾ സമ്മാനിച്ചുകൊണ്ടു വിടവാങ്ങിയ 2016 ന് നന്ദി..

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars