പ്രിയപ്പെട്ട ആൾക്ക്,
പെയ്തിറങ്ങുന്ന മഴയോട് ചേർന്നൊഴുകുന്ന പുഴപോലെ നിന്നിലേക്കെത്തണം എന്നത് ഒരുപക്ഷേ എന്റെ നിയോഗമായിരുന്നിരിക്കും. അന്നൊരുമഴക്കാലത്തെപ്പോളോ നിന്നെ ഞാൻ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു വേലിയേറ്റം അനുഭവപ്പെടുന്നുണ്ടായിരുന്നു. കാലം കഴിഞ്ഞു പോകുംതോറും നിന്നോട് പരിചയവും സൗഹൃദവും പിന്നീട് പ്രണയവും ആയി. നിസ്സാര കാര്യങ്ങൾ പോലും നിന്നോട് ഞാൻ പറയാൻ തുടങ്ങിയതും മറ്റാരോടും തോന്നതൊരിഷ്ടം നിന്നോട് തോന്നിതുടങ്ങിയതും എന്ന് മുതലാണെന്നു എനിക്കറിയില്ല. പക്ഷെ കണ്ട നാൾ മുതൽ തന്നെ എന്റെ മനസ്സിൽ നീ ഉണ്ടായിരുന്നു എന്നെനിക്കുറപ്പാണ്. ഒരുവാക്കുപോലും പറയാതെ എന്നെ അറിയുന്ന നിന്നെ എങ്ങനെ ഞാൻ പ്രണയിക്കാതിരിക്കും. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഇത് പറയാമെന്ന് കരുതിയത്. നിന്നെ ഞാൻ പ്രണയിക്കുന്നു....
എന്ന്,
ഞാൻ
Tuesday, 7 January 2020
ഒരു പ്രണയക്കുറിപ്
ആണ്ട്
"എങ്ങോട്ടാ ഭാസ്കരമ്മാമ്മേ ഇത്ര ദൃതീല്.. ?"
" അവളു മരിച്ചിട്ടിന്ന് ഒരു വർഷം തികയല്ലേ മോളേ... രണ്ടു ദിവസായിട്ട് അതിന്റെ ഓരോരോ കാര്യങ്ങൾക്കുള്ള ഓട്ടത്തിലാ.. എല്ലാത്തിനും ഞാൻ തന്നെ വേണ്ടേ ഓടാൻ..
മക്കളില്ലാതെന്റെ വിഷമം ശരിക്കും അറിയുന്നത് ഇപ്പോഴാ..
അല്ല.. മോളിതെങ്ങോട്ടാ "
"കരുണാലയം വരെ..
സമയം കിട്ടുമ്പോ ഞാൻ അവിടുത്തെ പെണ്കുട്ട്യോൾക് തയ്യല് പഠിപ്പിക്കാൻ പോകാറുണ്ട്. ഇതിപ്പോ കുറച്ചായി അങ്ങോട്ട് പോയിട്ട്.. "
"അല്ല... നിനക്കപ്പോ തയ്യലും വശമുണ്ടോ.. "
"പണ്ട് സ്കൂളവധിക്ക് കുഞ്ഞമ്മേടെ വീട്ടിൽ പോയ് നിക്കുവാരുന്നു, അപ്പൊ കുഞ്ഞമ്മ പഠിപ്പിച്ചതാ... അതിപ്പോ ഇങ്ങനൊരു കാര്യത്തിന് പ്രയോജനപ്പെട്ടു."
"മോളും അങ്ങോട്ടായതെന്തായാലും നന്നായി.. കരുണാലയത്തിലെ ഇന്നൊരു ദിവസത്തെ ചിലവ് എന്റെ വകയാ... അവളുടെ ഓർമക്കായി...
അവിടുത്തെ കുട്ട്യോളെ ഒക്കെ അവൾക് വലിയ ജീവൻ ആയിരുന്നു. ഹാ.. ഇനി പറിഞ്ഞിട്ടെന്താ അവള് പോയില്ലേ."
അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.
ഭാസ്കരേട്ടന്റെ കൂടെ ഓട്ടോയിൽ പോകുന്ന വഴി മുഴുവനും സതിയേട്ടത്തിയെ പറ്റി ആയിരുന്നു മനസ്സിൽ. എവിടെ പോയാലും രണ്ടാളും ഒരുമിച്ചേ പോകു.. തമ്മിലുള്ള സംസാരവും കരുതലുമൊക്കെ കണ്ടാൽ മധുവിധു ആഘോഷിക്കാൻ പോവാണെന്ന് തോന്നും
അത്രക്കാ രണ്ടാൾടെയും സ്നേഹം. വീട്ടിൽ അമ്മ എപ്പോഴും പറയും ഭാസ്കരേട്ടന്റെയും ചേച്ചിയുടെയും സ്നേഹം കണ്ട് അസൂയകൊണ്ടാ ദൈവം അവർക്കു കുട്ടികളെ നൽകാഞ്ഞതെന്ന്, അല്ല അമ്മ അങ്ങനെ ചിന്തിച്ചതിനെയും കുറ്റം പറയാൻ പറ്റൂലല്ലോ.
ഒരു വർഷം മുമ്പ് ഹൃദയാഘാതം കാരണം സതിയേട്ടത്തി മരിച്ചതിനു ശേഷം ഭാസ്കരേട്ടനെ അധികം പുറത്തേക്കൊന്നും കാണാറില്ല. അവിടെ വീട്ടിൽ ജോലിക്ക് പോണ സുശീലേട്ടത്തി പറയുന്നത് കേക്കാം സതിയേടത്തിയുടെ ഫോട്ടോയിലും നോക്കി പുള്ളി അങ്ങനെ ഇരിപ്പാണെന്നു. അതിനു ശേഷം പിന്നെ ഇപ്പോളാണ് അദ്ദേഹം പുറത്തിറങ്ങി ഞാൻ കാണുന്നത്. ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നും പുള്ളിയോട് കുശലാന്വേഷണം നടത്തിയുമൊക്കെ പെട്ടന്ന് സ്ഥലത്ത് എത്തി.
"മോളെ ഇന്ന് കണ്ടത് എന്തയാലും നന്നായി. അവൾക്ക് മോളെ ഭയങ്കര ഇഷ്ടായിരുന്നു. നിന്നെപ്പോലെ ഒരു മോളുണ്ടായിരുനെങ്കിൽ എന്ന് ഇടക്കിടെ പറയുമായിരുന്നു, എന്നാ പിന്നെ മോള് പോയ് പഠിപ്പിച്ചോളൂ ഞാനാ മാനേജറച്ഛനെ പോയെന്ന് കാണട്ടെ. മോൾ ചെയ്തോണ്ടിരിക്കുന്ന നല്ലതൊക്കെ ദൈവം കാണാതിരിക്കില്ല.. നന്നായി വരും.."
ഇതും പറഞ്ഞു അദ്ദേഹം അവിടുത്തെ പ്രധാന കെട്ടിടത്തിലേക്ക് നടന്നുപോകുന്നതും നോക്കി ഞാൻ കുറച്ചു നേരം അവിടെ നിന്നു. അദ്ദേഹം പറഞ്ഞതൊക്കെ മനസ്സിൽ ഇങ്ങനെ ഓർത്തിരുന്നപ്പോളാണ് മാനേജരച്ഛൻ അങ്ങോട്ട് വന്നത്. കയ്യിൽ ഒരു കത്തും ഏൽപ്പിച്ചു പുഞ്ചിരിയോടെ അദ്ദേഹം പോയി. ആകാംഷയോടെ ഞാൻ കത്തു പൊട്ടിച്ചു. കരുണാലയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സ്കൂളിൽ അധ്യാപിക ആയിട്ടുള്ള ജോലി സ്ഥിരപ്പെടുത്തി എന്നാണ് കത്തിന്റെ ഉള്ളടക്കം.
"നന്നായി വരും.." ഭാസ്കരന്മാമ്മ പറഞ്ഞതാണ് മനസ്സിൽ വന്നത്. മനസ്സിൽ അങ്ങനെ സന്തോഷം അലതല്ലുന്നു..
ക്ലാസു കഴിഞ്ഞു അമ്മാവനെ തിരക്കിയപ്പോളാണ് എന്തോ അത്യാവിശ്യം പറഞ്ഞു പെട്ടന്ന് പോയത്രേ.. ജോലി സ്ഥിരപ്പെട്ട കാര്യം ഭാസ്കരന്മാമയോട് പറയണം. ഇന്ന് തിരക്കാവും, ആണ്ടല്ലേ.. നാളയാകട്ടെ.. ആകെ കിട്ടുന്നൊരു അവധി ദിവസാണ്, ന്നാലും സാരില്ല... മറ്റു പരിപാടികളെല്ലാം മാറ്റി വെച്ച് അങ്ങോട്ടേക്ക് പോകാമെന്ന് വെച്ചു... തിരികെ വീട്ടിലേക്ക് പോണ വഴി വെറുതെ അങ്ങോട്ടേക്കൊന്നു നോക്കി. ഭാസ്കരമ്മാമ്മേടെ വീടിന് മുന്നിൽ ആണ്ടിന്റെ സദ്യക്ക് വന്നവർ ഇതുവരെ പോയില്ലേ?... ഇനിയിപ്പോ അവിടെ തിരക്കിലായിരിക്കും കാണലും സംസാരവുമൊന്നും ഇന്നിനി നടക്കില്ലെന്നോർത് തിരികെ നടന്നു.. പോകുന്ന വഴിയ്‌ക്ക് രണ്ടുപേര് നിന്ന് സംസാരിക്കുന്നത് വെറുതെ കാതോർത്തതാണ്..
"..മക്കളും ബന്ധുക്കളും ഒന്നുമില്ലല്ലോ അതൊണ്ടിപ്പോ ആരേം കാത്തിരിക്കാനും ഇല്ലല്ലോ ഉടനെ തന്നെ അടക്കം കാണും.."
ആരുടെ കാര്യം ആണെന്ന് മനസിലായില്ല അപ്പോഴാണ് പോസ്റ്റിൽ ഒട്ടിച്ചുവെച്ച ചിത്രം എന്റെ കണ്ണിൽ ഉടക്കിയത് "പ്രിയ ഭാസ്കരേട്ടന് കണ്ണീരിൽ കുതിർന്ന വിട " ഒരു നിമിഷം ഞാൻ നിന്ന നില്പിൽ ഭൂമിക്കടിയിലേക് പോയപോലെ തോന്നി. സ്വബോധം വീണ്ടെടുത്ത് തിരികെ വീട്ടിലേക്കോടി ചെന്ന് കണ്ടത് സതിയേട്ടത്തിയുടെ അരികിലേക്ക് ചെന്ന സമാധനത്തിൽ കിടക്കുന്ന ഭാസ്കരൻമ്മാമ്മേടെ ചലനമറ്റ ശരീരമാണ്... നന്നായി വരുമെന്ന് എന്നെ അനുഗ്രഹിച്ചു പോയപ്പോൾ ഉള്ളപോലെ, ആ മുഖത്തൊരു പുഞ്ചിരി എനിക്ക്പ്പോഴും കാണാമായിരുന്നു...
Subscribe to:
Posts (Atom)
some favourites
ഗുൽമോഹർ
ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...
populars
-
മനസ്സിന്റെ ആഴങ്ങളിൽ പല മണിച്ചെപ്പുകളിലായ് സൂക്ഷിച്ച ഒരു പിടി ഓർമ്മകളുമായ് ഞാൻ നിനക്കായ് കാത്തിരിക്കുകയായിരുന്നു.. മയിൽപ്പീലി കൊണ്ട് ചാലിച്ച ...
-
കൊഴിഞ്ഞു പോയ ദിനങ്ങളുടെയും കഴിഞ്ഞുപോയ കാലത്തിന്റെയും കണക്കെടുപ്പ് നടത്താൻ ഒരു പുതുവത്സരം കൂടി ഇതാ വന്നു ചേർന്നിരിക്കുന്നു.. നഷ്ടപ്പെടുത്തി...
-
രാത്രിമഴ തോർന്നു ഒരു പുതിയ യാമവും ഉണർന്നു പുതുനിശാഗന്ധി തൻ സുഗന്ധം പടർന്നൊഴുകുമി രാത്രിയും കഴിഞ്ഞു രാത്രിതൻ ഇരുളിനെ പകുത്തു പ്രഭാതവും വരിക...